ചാമ്പ്യൻസ് ട്രോഫി ടീം: ബാക്കപ്പ് കീപ്പറായി സഞ്ജു, റിഷഭ് പന്തിന് ഇടമുണ്ടാകില്ലെന്ന് മഞ്ജരേക്കർ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജനുവരി 2025 (19:59 IST)
അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ആരെല്ലാം ഇടം നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായ സഞ്ജയ് ബംഗാറുമായി സംസാരിക്കവെയാണ് സഞ്ജുവിനെ ബാക്കപ്പ് കീപ്പറായി ഇന്ത്യ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. റിഷഭ് പന്തിനിടെ ടീമില്‍ എടുക്കുന്നതിനെ ഇരുവരും ശക്തമായി എതിര്‍ത്തു.


കെ എല്‍ രാഹുല്‍ പ്രധാനവിക്കറ്റ് കീപ്പറാകുമ്പോള്‍ സമീപകാലത്തൊന്നും ഏകദിന ക്രിക്കറ്റ് കളിക്കാത്ത റിഷഭ് പന്തിനെ ഇന്ത്യ ഏകദിന റ്റീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് മഞ്ജരേക്കര്‍ പറയുന്നു. സഞ്ജു സമീപകാലത്ത് ടോപ് ഓര്‍ഡറില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. അവസാന 10 ഓവറില്‍ അടിച്ചുതകര്‍ക്കുന്ന ഒരു ബിഗ് ഹിറ്ററെയാണ് നോക്കുന്നതെങ്കില്‍ കൂടിയും സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. മഞ്ജരേക്കര്‍ പറഞ്ഞു.


കാറപടകത്തിലേറ്റ പരിക്കില്‍ നിന്നും മോചിതനായെത്തിയ റിഷഭ് പന്ത് പിന്നീട് ടി20യിലും ടെസ്റ്റിലും കളിച്ചെങ്കിലും ഏകദിനത്തില്‍ ശ്രീലങ്കക്കെതിരെ ഒരു ഏകദിനത്തില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്. നാലാമനായി ക്രീസിലെത്തിയ പന്ത് 6 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തിരുന്നു. അതേസമയം അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. പിന്നീട് ഏകദിനടീമില്‍ കളിക്കാനായില്ലെങ്കിലും ടി20 ടീമില്‍ ഓപ്പണറായ ശേഷം 3 സെഞ്ചുറികള്‍ നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിഷഭ് പന്തിന് പകരം സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പരിഗണിക്കണമെന്ന് മഞ്ജരേക്കറും സഞ്ജയ് ബംഗാറും ആവശ്യപ്പെടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :