ഇത് നാണക്കേട്, സൂര്യയെ സംരക്ഷിക്കാൻ ഏഴാം സ്ഥാനം വരെ ഒളിപ്പിച്ച് ടീം ഇന്ത്യ, പരാജയമായതോടെ രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Modified വ്യാഴം, 23 മാര്‍ച്ച് 2023 (13:01 IST)
ശ്രേയസ് അയ്യർക്ക് ഓസീസിനെതിരായ ടെസ്റ്റ് സീരീസിൽ പരിക്കേറ്റതോടെ താരത്തിന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുമെന്നാണ് ക്രിക്കറ്റ് ലോകം കരുതിയിരുന്നത്. എന്നൽ ശ്രേയസിന് പകരക്കാരൻ തന്നെ വേണ്ടെന്ന് നിലപാടെടുത്ത ബിസിസിഐയും
സെലക്ടർമാരും യാദവിനെയാണ് താരത്തിൻ്റെ പകരക്കാരനായി തെരെഞ്ഞെടുത്തത്.

ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നാലാമനായി ഇറങ്ങി പൂജ്യത്തിന് പുറത്തായതോടെ കടുത്ത വിമർശനമാണ് താരത്തിനെതിരെ ഉയർന്നത്. എന്നാൽ മൂന്നാം മത്സരത്തിലും താരത്തിന് പിന്തുണ നൽകാനായിരുന്നു ടീമിൻ്റെ തീരുമാനം. പിന്തുണ നൽകി എന്ന് മാത്രമല്ല സൂര്യകുമാറിൻ്റെ ടീമിലെ സ്ഥാനം സംരക്ഷിക്കാനായി താരത്തെ ബാറ്റിംഗ് ഓർഡറിൽ താഴെയിറക്കാൻ വരെ ടീം തയ്യാറായി.

നാലാമനായി ബാറ്റിംഗിനിറങ്ങേണ്ട സൂര്യകുമാർ വിക്കറ്റുകൾ തുടരെ നഷ്ടമാകവെ ഏഴാമനായാണ് ക്രീസിലിറങ്ങിയത്. കെ എൽ രാഹുൽ, അക്സർ പട്ടേൽ,ഹാർദ്ദിക് പാണ്ഡ്യ എന്നീ താരങ്ങൾ ഇറങ്ങിയതിനും ശേഷമായിരുന്നു സൂര്യയെ ടീം ക്രീസിലിറക്കിയത്. ഓസീസ് ബൗളർമാരുടെ കയ്യിൽ നിന്നും സൂര്യയെ സംരക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചുവെങ്കിലും ഇത്തവണയും സൂര്യ ആദ്യ പന്തിൽ തന്നെ പുറത്തായതോടെ കടുത്ത വിമർശനമാണ് ടീമിനെതിരെ ഉയരുന്നത്. രണ്ട് വിക്കറ്റ് നഷ്ടമായ ഘട്ടത്തിൽ സൂര്യയെ ഇറക്കാതെ കെ എൽ രാഹുലിനെയും പിന്നാലെ അക്സർ പട്ടേലിനെയും പിന്നാലെ ഹാർദ്ദിക്കിനെയുമാാണ് ഇന്ത്യ കളിക്കാനിറക്കിയത്.

ഒരു പ്രോപ്പർ ബാറ്റ്സ്മാനായ സൂര്യയെ ഏഴാമനായി ഇറക്കിയത് താരത്തെ സംരക്ഷിക്കുന്നതിന് മാത്രമായിരുന്നുവെന്ന് ആരാധകർ കുറ്റപ്പെടുത്തുന്നു. ടി20യിൽ മികച്ച താരമാണെങ്കിലും ഏകദിനത്തിൽ മികവ് തെളിയിക്കാത്ത താരത്തിനെ തുടർച്ചയായി പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും കഴിവുള്ള യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകണമെന്നും ആരാധകർ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :