അഭിറാം മനോഹർ|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (12:24 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ദയനീയമായ നിലയില്‍. മഴയെ തുടര്‍ന്ന് ആദ്യ ദിനം നഷ്ടമായതോടെ രണ്ടാം ദിനത്തിലാണ് ടോസ് അടക്കമുള്ള കാര്യങ്ങള്‍ നടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തുടക്കം തന്നെ പിഴച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ചില്‍ നിന്നും മികച്ച സ്വിങ്ങ് ലഭിച്ചതോടെ ന്യൂസിലന്‍ഡ് പേസര്‍മാര്‍ അപകടകാരികളായി മാറി.
തുടക്കം മുതല്‍ തീ തുപ്പിയ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിര പെട്ടെന്ന് തന്നെ അടിയറവ് പറഞ്ഞു. നായകന്‍ രോഹിത് ശര്‍മ വെറും 2 റണ്‍സുമായി മടങ്ങിയപ്പോള്‍ വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍,രവീന്ദ്ര ജഡേജ എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. 63 പന്തില്‍ 13 റണ്‍സുമായി ഓപ്പണര്‍ യശ്വസി ജയ്‌സ്വാളും മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ രക്ഷാപ്രവര്‍ത്തനചുമതല പൂര്‍ണമായും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ ചുമലിലാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 41 പന്തില്‍ 15 റണ്‍സുമായി റിഷഭ് പന്തും റണ്‍സൊന്നും നേടാതെ രവിചന്ദ്ര അശ്വിനുമാണ് ക്രീസിലുള്ളത്.
ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്റി 2 വിക്കറ്റും വില്‍ ഒറൂക്ക് 3 വിക്കറ്റുകളും വീഴ്ത്തി. ടിം സൗത്തിക്കാണ് ശേഷിക്കുന്ന വിക്കറ്റ്. ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയാണ് നടക്കാനുള്ളത് എന്നതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ കിവികള്‍ക്കെതിരെ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. എന്നാല്‍ ആദ്യ ഇന്നിങ്ങ്‌സില്‍ തന്നെ ഇന്ത്യയ്ക്ക് ചെറിയ സ്‌കോറില്‍ 6 വിക്കറ്റുകള്‍ നഷ്ടമായതോടെ ബാംഗ്ലൂര്‍ ടെസ്റ്റില്‍ തിരിച്ചെത്തുക എന്നത് ടീമിന് ബുദ്ധിമുട്ടായി മാറും എന്നത് ഉറപ്പാണ്.