അഭിറാം മനോഹർ|
Last Modified ശനി, 28 ഡിസംബര്‍ 2019 (10:11 IST)
ഇന്ത്യയെ രാജ്യന്തരക്രിക്കറ്റിൽ നിന്നും ഒറ്റപ്പെടുത്തണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ നായകൻ ജാവേദ് മിയൻദാദ്. നിലവിൽ ഇന്ത്യ സുരക്ഷിതമല്ലെന്നും ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങളെ ഐസിസി തടയണമെന്നുമാണ് മിയൻദാദിന്റെ ആവശ്യം. ഒരു ദശാബ്ദത്തോളം ക്രിക്കറ്റിൽ നിന്നും മാറ്റിനിർത്തപ്പെട്ട പാകിസ്ഥാനേക്കാൾ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യയിലെ പ്രക്ഷോഭങ്ങൾ ലോകം കാണുന്നുണ്ടെന്നും ഐ സി സിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നതായും മിയൻദാദ് പറഞ്ഞു.
നേരത്തെ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനായ എഹ്സാൻ മാണിയും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പാകിസ്ഥാനേക്കാൾ ഇന്ത്യയിലാണ് സുരക്ഷാ പ്രശ്നങ്ങൾ എന്നായിരുന്നു എഹ്സാൻ മാണി പറഞ്ഞത്.
എന്നാൽ പാക് ബോർഡ് തലവന്റെ പ്രസ്താവനക്ക് മറുപടിയുമായി ബി സി സി ഐ വൈസ് പ്രസിഡന്റ് മഹിം വെർമ രംഗത്തെത്തി. സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം ആദ്യം നോക്കു, ഞങ്ങളുടെ രാജ്യത്തെ ജനങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം എന്നുമായിരുന്നു മഹിം തിരിച്ചടിച്ചത്.