അഭിറാം മനോഹർ|
Last Modified വെള്ളി, 15 നവംബര്‍ 2024 (12:14 IST)
അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. സുരക്ഷാഭീഷണിയും ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യ ടീമിനെ അയക്കില്ലെന്ന നിലപാട് എടുത്തതോടെയാണ് ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പ് അനിശ്ചിതത്തിലായത്.
ഇന്ത്യയെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഹൈബ്രിഡ് മോഡലില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ പ്രതികരണമല്ല ഉണ്ടായിരിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നും പാകിസ്ഥാന് പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനൊരു സാഹചര്യം വരികയാണെങ്കില്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്.
ഇപ്പോഴിതാ പാകിസ്ഥാന് പിന്മാറിയാല് ചാമ്പ്യന്‍സ് ട്രോഫി നടത്തിപ്പിനായി
ബിസിസിഐ മുന്‍കൈയെടുക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനങ്ങളിലുള്ള ടീമുകളാണ് പങ്കെടുക്കുക.