രേണുക വേണു|
Last Modified ചൊവ്വ, 12 നവംബര്‍ 2024 (09:38 IST)
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനത്തില്‍ ബിസിസിഐ. ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്ക് വിടില്ലെന്ന് ബിസിസിഐ ആവര്‍ത്തിച്ചു. ഹൈബ്രിഡ് മോഡലില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്തുകയാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്. എന്നാല്‍ മറ്റു ടീമുകളെല്ലാം വരുമ്പോള്‍ ഇന്ത്യക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത് ശരിയല്ലെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
ചാംപ്യന്‍സ് ട്രോഫി കളിക്കാന്‍ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് കഴിഞ്ഞ ആഴ്ചയാണ് ബിസിസിഐ മെയില്‍ മുഖേന ഐസിസിയെ അറിയിച്ചത്. ഈ സന്ദേശം ഐസിസി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനേയും അറിയിച്ചു. പാക്കിസ്ഥാന് സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ അറിയിച്ചത്. ഇന്ത്യക്കു വേണ്ടി മാത്രം പ്രത്യേക സജ്ജീകരണം ഒരുക്കുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്.
ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി കളിക്കില്ല എന്ന കടുത്ത തീരുമാനത്തിലാണ് ബിസിസിഐ. അതേസമയം പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറുമാണ്. ബിസിസിഐയുടെ കടുംപിടിത്തമാണ് നിലവില്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. ചാംപ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാന് മത്സരങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. ആ അധികാര പരിധിയില്‍ കയറി പ്രശ്നങ്ങളെ സങ്കീര്‍ണമാക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ വിമര്‍ശനം.