രേണുക വേണു|
Last Modified ചൊവ്വ, 3 ഒക്‌ടോബര്‍ 2023 (10:18 IST)
Asian Games Cricket, India vs Nepal: ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന്റെ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടിയപ്പോള്‍ നേപ്പാളിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിങ് (15 പന്തില്‍ 32), സുന്‍ദീപ് ജോറ (12 പന്തില്‍ 29), കുശാല്‍ മല്ല (22 പന്തില്‍ 29) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യക്കായി ആവേശ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. അര്‍ഷ്ദീപ് സിങ്ങിന് രണ്ടും സായ് കിഷോറിന് ഒരു വിക്കറ്റും ലഭിച്ചു.
ഓപ്പണര്‍ യഷസ്വി ജയ്സ്വാളിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ 202 റണ്‍സ് നേടിയത്. 49 പന്തില്‍ സെഞ്ചുറി നേടിയ ജയ്‌സ്വാള്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി. എട്ട് ഫോറും ഏഴ് സിക്സും അടങ്ങിയതാണ് ജയ്സ്വാളിന്റെ ഇന്നിങ്സ്.
ഋതുരാജ് ഗെയ്ക്വാദ് (23 പന്തില്‍ 25), റിങ്കു സിങ് (15 പന്തില്‍ പുറത്താകാതെ 37), ശിവം ദുബെ (19 പന്തില്‍ പുറത്താകാതെ 25) എന്നിവരും ഇന്ത്യക്കായി പൊരുതി. ജിതേഷ് ശര്‍മ (അഞ്ച്), തിലക് വര്‍മ (രണ്ട്) എന്നിവര്‍ നിരാശപ്പെടുത്തി.