ഒരു മര്യാദ വേണ്ടെ, സുന്ദര്‍ അഴിഞ്ഞാടുമ്പോള്‍ തോന്നിയില്ലെ, ഇപ്പറത്തും ഒരുത്തന്‍ കാണുമെന്ന്, 7 വിക്കറ്റ് കൊയ്ത് സാന്റ്‌നര്‍, ഇന്ത്യ 156ന് പുറത്ത്

Santner, Sundar
അഭിറാം മനോഹർ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (13:12 IST)
Santner, Sundar
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് വെറും 156 റണ്‍സിലൊതുക്കി കിവികള്‍. ന്യൂസിലന്‍ഡ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ 259 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. രോഹിത് ശര്‍മയെ ടിം സൗത്തി പുറത്താക്കിയതിന് ശേഷം ന്യൂസിലന്‍ഡ് സ്പിന്നര്‍മാരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ പങ്കുവെച്ചത്. ന്യൂസിലന്‍ഡിനായി മിച്ചല്‍ സാന്റ്‌നര്‍ 7 വിക്കറ്റുകളും ഗ്ലെന്‍ ഫിലിപ്‌സ് 2 വിക്കറ്റുകളും സ്വന്തമാക്കി.


നേരത്തെ വാഷിങ്ങ്ടണ്‍ സുന്ദര്‍ 7 വിക്കറ്റുകളോടെ ന്യൂസിലന്‍ഡ് ബാറ്റിംഗിനെ ചീട്ട് കൊട്ടാരം പോലെ തകര്‍ക്കുകയായിരുന്നു. രവിചന്ദ്ര അശ്വിനായിരുന്നു ശേഷിക്കുന്ന 3 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതോടെ കിവികളെ ആദ്യ ഇന്നിങ്ങ്‌സില്‍ 259 റണ്‍സിനൊതുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ പുനെയിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യയുടെ അതേ ആയുധം തന്നെയാണ് ന്യൂസിലന്‍ഡും പ്രയോഗിച്ചത്. സാന്റ്‌നറെയും ഗ്ലെന്‍ ഫിലിപ്‌സിനെയും നായകനായ ടോം ലാഥം സമര്‍ഥമായി ഉപയോഗിച്ചപ്പോള്‍ പേരുകേട്ട ഇന്ത്യന്‍ നിര ഒന്നാകെ തകര്‍ന്നടിഞ്ഞു. 103 റണ്‍സിന് 7 വിക്കറ്റെന്ന നിലയില്‍ ഇന്ത്യയെ രവീന്ദ്ര ജഡേജയും വാഷിങ്ങ്ടണ്‍ സുന്ദറും ചേര്‍ന്ന് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 156 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.


ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 46 പന്തില്‍ 38 റണ്‍സുമായി തിളങ്ങി. 30 റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളുമാണ് ടീമിലെ മറ്റ് ടോപ് സ്‌കോറര്‍മാര്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :