അഭിറാം മനോഹർ|
Last Modified വെള്ളി, 24 ജനുവരി 2020 (16:48 IST)
ന്യൂസിലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ വമ്പൻ വിജയം. രണ്ട് ടീമുകളിൽ നിന്നും റൺമഴ പെയ്‌ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് കണ്ടെത്തിയപ്പോൾ ഇന്ത്യ ഒരോവറും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ
ടി20 പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയെങ്കിലും വളരെ മികച്ച തുടക്കമാണ് കിവികൾക്ക് ലഭിച്ചത്. ഒരു സാഹചര്യത്തിൽ മാർട്ടിൻ ഗപ്ടിലും കോളിന്‍ മണ്‍റോയും വളരെ അപകടകരമായ രീതിയിൽ ന്യൂസിലൻഡ് സ്കോറിനെ മുന്നിലേക്കെത്തിച്ചു. എന്നാൽ ഓപ്പണിങ് താരങ്ങളെ നഷ്ടപ്പെട്ടതോടെ വീണ്ടും ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയെങ്കിലും നായകന്‍ കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറും ന്യൂസിലൻഡ് സ്കോർ വീണ്ടും ഉയർത്തി. ന്യൂസിലൻഡിന് വേണ്ടി ഓപ്പണർ കോളിൻ മൺറോ 59 റൺസും നായകൻ കെയ്‌ൻ
വില്യംസൺ 51ഉം റോസ് ടെയ്‌ലർ 54ഉം റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ ലോകേഷ്
രാഹുൽ നേടിയ 56 റൺസിന്റെയും ശ്രേയസ് അയ്യർ പുറത്താവാതെ നേടിയ 58 റൺസിലൂടെയുമാണ് വിജയം സ്വന്തമാക്കിയത്. വെറം 29 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് അവസാന ഓവറുകളിൽ ശ്രേയസ് അയ്യർ അടിച്ചുതകർത്തത്. ഓപ്പണറായി ഇറങ്ങിയ രാഹുൽ 27 പന്തിൽ നിന്നാണ് 56 റൺസാണ്
കണ്ടെത്തിയത്. ഇതിൽ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഉൾപ്പെടുന്നു. ഇന്ത്യൻ നായകൻ വിരാട് കോലിയാണ് ഇന്ത്യക്ക് വേണ്ടി റൺസ് കണ്ടെത്തിയ മറ്റൊരു താരം. കോലി 45 റൺസ് നേടി പുറത്തായി.
ഒരു ഘട്ടത്തിൽ തുടരെ രാഹുലിനെയും കോലിയേയും നഷ്ടമായെങ്കിലും ഒട്ടും സമ്മർദ്ദമില്ലാതെയാണ് ശ്രേയസ് അയ്യർ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ആറ് ബൗളർമാരെ ഇന്ത്യ പരീക്ഷിച്ചെങ്കിലും ആർക്കും കാര്യമായ നേട്ടങ്ങൾ സ്വന്തമാക്കാനായില്ല.റിഷഭ് പന്തിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെകിരേയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ തിളങ്ങിയ ലോകേഷ് രാഹുലായിരുന്നു കിവികൾക്കെതിരെ ഇന്ത്യയുടെ വിക്കറ്റ് കാത്തത്.