അഭിറാം മനോഹർ|
Last Modified ചൊവ്വ, 4 നവംബര്‍ 2025 (17:04 IST)
വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയ്ക്ക് ആദ്യമായി സമ്മാനിച്ച ക്യാപ്റ്റനാണെങ്കിലും ഐസിസി വനിതാ ടീമിന്റെ ക്യാപ്റ്റനായി തിരെഞ്ഞെടുത്തത് ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിനാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെയാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററെന്നതാണ് ലോറയെ ക്യാപ്റ്റനാക്കാന്‍ കാരണമായത്.
ഐസിസി പ്ലെയിങ് ഇലവനില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച സ്മൃതി മന്ദനയാണ് ലോറയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുക. ടൂര്‍ണമെന്റില്‍ സ്മൃതി 54.25 ശരാശരിയില്‍ 434 റണ്‍സ് നേടിയപ്പോള്‍ ലോറ വോള്‍വാര്‍ഡ് 71.37 ശരാശരിയില്‍ 571 റണ്‍സാണ് അടിച്ചെടുത്തത്. ഓസീസിനെതിരെ സെമിയില്‍ അപരാജിത സെഞ്ചുറി നേടിയ ജെമീമ റോഡ്രിഗസാണ് മൂന്നാം നമ്പറില്‍. നാലാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ മാരിസാനെ കാപ്പും അഞ്ചാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ ആഷ് ഗാര്‍ഡ്‌നറുമാണ്.
ടൂര്‍ണമെന്റില്‍ 22 വിക്കറ്റും 215 റണ്‍സും അടിച്ചെടുത്ത ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ആറാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ അനബെല്‍ സതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്കയുടെ നദീന്‍ ഡി ക്ലെര്‍ക്ക്, പാകിസ്ഥാന്റെ സിദ്ര നവാസ്, ഓസ്‌ട്രേലിയയുടെ അലാന കിംഗ്, ഇംഗ്ലണ്ടിന്റെ സോഫി എക്ലെസ്റ്റോണ്‍ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിന്റെ നാറ്റ് സ്‌കെവര്‍ ബ്രണ്ടാണ് പന്ത്രണ്ടാമത്തെ താരം.
ഐസിസി വനിതാ ലോകകപ്പ് ടീം ഓഫ് ദി ടൂര്‍ണമെന്റ്
സ്മൃതി മന്ദാന, ലോറ വോള്‍വാര്‍ഡ്(ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, മാരിസാനെ കാപ്പ്, ആഷ്‌ലി ഗാര്‍ഡ്‌നര്‍, ദീപ്തി ശര്‍മ, അനബെല്‍ സതര്‍ലന്‍ഡ്, നദീന്‍ ഡി ക്ലെര്‍ക്ക്, സിദ്ര നവാസ്, അലാന കിംഗ്, സോഫി എക്ലെസ്റ്റോണ്‍