അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 2 മാര്‍ച്ച് 2020 (12:48 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനക്കാർ, ചാമ്പ്യൻഷിപ്പിൽ ഇതുവരെയും ഒരൊറ്റ ടെസ്റ്റ് മത്സരത്തിലും പരാജയം രുചിച്ചിട്ടില്ല എന്നിങ്ങനെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇന്ത്യ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റ് മത്സരങ്ങൾക്ക് ഇറങ്ങിയത്. എന്നാൽ പരമ്പര ഇന്ത്യ കൈവിട്ടു എന്ന് മാത്രമല്ല പേരുകേട്ട ഇന്ത്യൻ നിരക്ക് അതിനൊത്ത യാതൊന്നും ന്യൂസിലൻഡിനെതിരെ കാഴ്ച്ചവെക്കാനും സാധിച്ചില്ല. ലോക ഒന്നാം നമ്പര്‍ ടീമിനാണ് ഈ നാണക്കേട് നേരിട്ടതെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോളിതാ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് എന്താണ് കാരണമായതെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനായ ഇയാന്‍ ചാപ്പല്‍.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ബാറ്റിങ്ങ് താരമായ രോഹിത് ശർമ്മ കളിച്ചിരുന്നില്ല. രോഹിത്തിന്റെ അസ്സാന്നിധ്യം ഇന്ത്യയെ ബാധിച്ചിരിക്കാമെന്നാണ് ചാപ്പലിന്റെ അഭിപ്രായം. ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യൻ പ്രകടനത്തെ ദയനീയമെന്ന് വിശേഷിപ്പിച്ച
ചാപ്പൽ വരാനിരിക്കുന്ന ഓസ്ട്രേലിയൻ പരമ്പര ഇന്ത്യക്ക് കടുത്തതാകുമെന്നും മുന്നറിയിപ്പ് നൽകി.ഇപ്പോൾ ഇന്ത്യയെ കശാപ്പ് ചെയ്‌ത ന്യൂസിലൻഡിനെ പോലും അവരുടെ തട്ടകത്തിൽ പോയി തരിപ്പണമാക്കിയവരാണ് ഓസീസ് ടീമെന്നും ഇത്തരത്തിലുള്ള സമീപനമാണ് ഇന്ത്യൻ ടീം പിന്തുടരുന്നതെങ്കിൽ സമാനമായ വിധിയായിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നതെന്നും ചാപ്പൽ സൂചന നൽകി.
ഓസ്‌ട്രേലിയയിലേക്കാള്‍ ഇംഗ്ലണ്ടിലെ പിച്ചുകളുമായാണ് ന്യൂസിലാന്‍ഡിലേതിനു സാമ്യമുള്ളത്. വളരെയധികം സീം ലഭിക്കുന്ന പിച്ചില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്താല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്നും ചാപ്പൽ പറഞ്ഞു. എന്നാൽ കാരണം എന്തുമായിക്കൊള്ളട്ടെ ലോകത്തിലെ നമ്പർ വൺ ടീമിൽ നിന്നും ഇത്തരമൊരു പ്രകടനം ദയനീയമെന്നെ പറയാൻ സാധിക്കുകയുള്ളുവെന്നും ചാപ്പൽ വ്യക്തമാക്കി. പരമ്പരയില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യക്കു 200ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായതെന്നും ചാപ്പല്‍ ചൂണ്ടിക്കാട്ടി.