3 ലോകകപ്പുകളായി ഇങ്ങനെ, എനിക്ക് ഇതൊരു ശീലമായി: ലോകകപ്പിൽ നിന്നും ഒഴിവാക്കപ്പെട്ടതിൽ ചഹൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (14:45 IST)
കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ 17 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനം വന്നപ്പോള്‍ സ്പിന്‍ താാരമായ യൂസ്‌വേന്ദ്ര ചഹലിന് ടീമില്‍ അവസരം നഷ്ടമായത് പലരെയും ഞെട്ടിച്ചിരുന്നു. ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ് തുടങ്ങിയ താരങ്ങള്‍ ചഹലിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.

2016ല്‍ ഏകദിനക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ചെഹല്‍ ഇതുവരെ 121 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ 8 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി ചഹല്‍ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നടന്ന ലോകകപ്പുകളിലൊന്നിലും താരത്തിന് അവസരം ലഭിച്ചില്ല. വിസ്ഡന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചഹല്‍ മനസ്സ് തുറന്നത്.

എനിക്കറിയാം ലോകകപ്പില്‍ 15 താരങ്ങള്‍ക്ക് മാത്രമെ അവസരം ലഭിക്കുകയുള്ളു എന്നത്. തീര്‍ച്ചയായും തീരുമാനം എന്നെ സങ്കടപ്പെടുത്തി. എന്നാല്‍ ഇതില്‍ നിന്നും മുന്നോട്ട് പോവുക എന്നത് മാത്രമാണ് പ്രധാനം. നിങ്ങള്‍ക്കറിയാമല്ലോ ഇത് മൂന്നാം തവണയാണ് സംഭവിക്കുന്നത്. എനിക്ക് ഇത് ശീലമായി കഴിഞ്ഞു. അതിനെ പറ്റി ഞാന്‍ കൂടുതല്‍ ആലോചിക്കുന്നില്ല. ടീമിലെ സ്പിന്നര്‍മാരോട് കൂടിയാണ് ഞാന്‍ മത്സരിക്കുന്നത്. ഞാന്‍ മികച്ച രെതിയില്‍ കളിക്കുന്നെങ്കില്‍ ഞാന്‍ ടീമില്‍ ഇടം നേടും. മറ്റൊരാളാണ് കളിക്കുന്നതെങ്കില്‍ അയാളാകും ഇടം നേടുക. എങ്ങനെയായാലും മറ്റൊരാള്‍ ഭാവിയില്‍ നിങ്ങളെ റീപ്ലേസ് ചെയ്യും. ചെഹല്‍ പറഞ്ഞു.

2021ലെ ടി20, 2022ലെ ടി20 ലോകകപ്പുകളാണ് ചഹലിന് ഇതിന് മുന്‍പ് നഷ്ടമായത്. ഒക്ടോബര്‍ അഞ്ചിനാണ് ഏകദിന ലോകകപ്പിന് തുടക്കം കുറിക്കുന്നത്. കുല്‍ദീപ് യാദവ് ടീമിന്റെ പ്രധാന സ്പിന്നറാകുമ്പോള്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സഹ സ്പിന്നര്‍മാരായി ടീമില്‍ കളിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :