ഞാൻ ഇന്ത്യക്കാരനെന്ന് അഭിമാനിക്കുന്ന മുസ്ലീം, എനിക്ക് സുജൂദ് ചെയ്യാൻ ആരുടെയും സമ്മതം വേണ്ട: വിമർശനങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് ഷമി

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ഡിസം‌ബര്‍ 2023 (12:53 IST)
ഏകദിന ലോകകപ്പില്‍ ശ്രീലങ്കക്കെതിരെയുള്ള അഞ്ച് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഷമി സുജൂദ് ചെയ്യാനായി ഒരുമ്പെട്ടതാണെന്നും എന്നാല്‍ വിവാദമാക്കേണ്ടെന്ന് കരുതി താരം പിന്മാറുകയായിരുന്നുവെന്നുമാണ് ആഘോഷപ്രകടനം കണ്ട് ചിലര്‍ വിലയിരുത്തിയത്. ഇന്ത്യയില്‍ മുസ്ലീമുകളുടെ അവസ്ഥ ഇത്തരത്തിലാണ് വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാന്‍ പോലും രണ്ടാമത് ആലോചിക്കണമെന്ന് ഷമിയുടെ വീഡിയോ പങ്കുവെച്ച് പ്രചാരണം നടന്നിരുന്നു.

എന്നാല്‍ ഇപ്പോളിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. താന്‍ ഒരു ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്ന മുസല്‍മാനാണെന്നും പ്രാര്‍ത്ഥിക്കണമെങ്കില്‍ തന്നെയാരും അതില്‍ നിന്ന് തടയില്ലെന്നും ഷമി പറയുന്നു. എനിക്ക് പ്രാര്‍ത്ഥിക്കണമെങ്കില്‍ ആര്‍ക്കാണ് എന്നെ തടയാനാവുക. എനിക്ക് നമസ്‌കരിക്കണമെങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കും. ഇതിലെന്താണ് പ്രശ്‌നം. ഞാന്‍ ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുന്ന മുസ്ലീമാണ് അതിലെന്താണ് പ്രശ്‌നം.

പ്രാര്‍ഥിക്കാന്‍ ഞാന്‍ ആരുടെയെങ്കിലും അനുവാദം ചോദിക്കണമെങ്കില്‍ ഞാന്‍ എന്തിന് ഈ നാട്ടില്‍ നില്‍ക്കണം. ഞാന്‍ നിരവധി തവണ അഞ്ച് വിക്കറ്റ് പ്രകടനങ്ങള്‍ നേടിയിട്ടുണ്ട്. എപ്പോഴെങ്കിലു പ്രാര്‍ഥിക്കുന്നതായി കണ്ടിട്ടുണ്ടോ? ഇതുപോലുള്ള ആളുകള്‍ ആരുടെയും പക്ഷത്തല്ല. ഒരു പ്രശ്‌നം സൃഷ്ടിക്കാന്‍ മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്. ശ്രീലങ്കക്കെതിരെ ഞാന്‍ എന്റെ 200 ശതമാനവും നല്‍കിയാണ് കളിച്ചത്. 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് എന്നത് ആഗ്രഹിച്ചു. പലപ്പോഴും ബാറ്റിന്റെ എഡ്ജ് ലഭിച്ചിട്ടും വിക്കറ്റ് കിട്ടാതെ തളര്‍ന്നു. അങ്ങനെ അഞ്ചാം വിക്കറ്റ് കിട്ടിയപ്പോഴാണ് ഞാന്‍ നിലത്ത് മുട്ടുകുത്തിയത്. ആളുകള്‍ അതിന് മറ്റൊരു അര്‍ഥം നല്‍കി. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ക്ക് മറ്റൊരു പണിയുമില്ലെന്ന് കരുതുന്നു. ഷമി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :