അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ജൂലൈ 2024 (18:43 IST)
ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായിരുന്നു ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ നടത്തിയത്. മുംബൈ നായകനായി രോഹിത് ശര്‍മയെ മാറ്റിയതോടെ ഹാര്‍ദ്ദിക്കിനെതിരെ ഉയര്‍ന്ന ഹേറ്റ് ക്യാമ്പയിനിടെ കഴിഞ്ഞ ഐപിഎല്ലില്‍ കാര്യമായ പ്രകടനം ടീമിനായി നടത്താന്‍ ഹാര്‍ദ്ദിക്കിനായിരുന്നില്ല, ഇതിനിടെ വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും ഹാര്‍ദ്ദിക്കിനെ തളര്‍ത്തി. എങ്കിലും ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താന്‍ ഹാര്‍ദ്ദിക്കിനായിരുന്നു.
ഇപ്പോഴിതാ ടി20 ലോകകപ്പിന് മുന്‍പ് തന്നെ ലോകകപ്പില്‍ ഹാര്‍ദ്ദിക് മികച്ച പ്രകടനം നടത്തുമെന്ന് ഉറപ്പിച്ചിരുന്നതായി മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദ്ദിക്കിന്റെ സഹതാരമായ ഇഷാന്‍ കിഷന്‍ പറയുന്നു.പാണ്ഡ്യ എല്ലാം ലോകകപ്പിനായി മാറ്റിവെച്ചിരിക്കുകയാണെന്ന് തോന്നല്‍ എനിക്കും ഉണ്ടായിരുന്നു. അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ എനിക്ക് മറക്കാനാവില്ല. ഒരിക്കല്‍ ഞാന്‍ ട്രാക്കിലായി കഴിഞ്ഞാല്‍ ഈ കൂവുന്നവന്‍മാരെല്ലാം എനിക്ക് വേണ്ടി കയ്യടിക്കും. ഇങ്ങനെയാണ് അവന്‍ പറഞ്ഞത്. ഇത്ര ബുദ്ധിമുട്ടേറിയ കാലത്തിലൂടെ കടന്നുപോയിട്ടും ആളുകള്‍ അങ്ങനെ പറയട്ടെ എന്നാണ് അവന്‍ കരുതിയത്. എന്നാല്‍ സ്വന്തം ഗെയിമിനായി അവന്‍ 100 ശതമാനവും നല്‍കി.
കഴിഞ്ഞ 6 മാസം പാണ്ഡ്യ കടന്നുപോയ കാര്യങ്ങളെ പറ്റി പറയാന്‍ തന്നെ പ്രയാസകരമാണ്. ആളുകള്‍ തന്നെ പറ്റി ഇത്രയേറെ മോശം കര്യങ്ങള്‍ പറഞ്ഞിട്ടും അവന്‍ ഒരിക്കലും തളര്‍ന്നില്ല. കൂടുതല്‍ ശക്തനായി തിരിച്ചുവരാനാണ് ശ്രമിച്ചത്. ഒരിക്കല്‍ ഐപിഎല്ലില്‍ പരിശീലനം നടത്തുന്നതിനിടെ ഹാര്‍ദ്ദിക് എന്നോട് പറഞ്ഞു. നമ്മുടെ കയ്യില്‍ നിയന്ത്രണമില്ലാത്തതിനെ പറ്റി ടെന്‍ഷന്‍ അടിച്ച് കാര്യമില്ല. അതിനെ കുറിച്ച് കൂടുതല്‍ ചിന്തിച്ചാല്‍ കാര്യങ്ങള്‍ വഷളാകും. പാണ്ഡ്യ വിമര്‍ശനങ്ങളെ അതിന്റേതായ രീതിയില്‍ മാത്രമാണ് എടുത്തിട്ടുള്ളത്. കിഷന്‍ പറഞ്ഞു.