അഭിറാം മനോഹർ|
Last Modified ഞായര്‍, 17 നവംബര്‍ 2024 (08:42 IST)
ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി20 മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടും അമിതമായ ആഹ്‌ളാദപ്രകടനങ്ങളൊന്നും തന്നെ സഞ്ജു സാംസണ്‍ നടത്തിയിരുന്നില്ല. സെഞ്ചുറി നേടിയിട്ടും ഹെല്‍മെറ്റ് പോലും ഊരാതെയായിരുന്നു സഞ്ജു ആഹ്‌ളാദം പ്രകടിപ്പിച്ചത്. മത്സരശേഷം സെഞ്ചുറിപ്രകടനത്തെ പറ്റി ചോദ്യം വന്നപ്പോള്‍ സെഞ്ചുറിയെ പറ്റി കൂടുതല്‍ പറയാനില്ലെന്നാണ് സഞ്ജു വ്യക്തമാക്കിയത്.
കരിയറില്‍ എനിക്ക് ഒട്ടേറെ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുപ്പിച്ച് രണ്ട് സെഞ്ചുറി അടിച്ചശേഷം ഒരുപാട് വികാരാധീനനായി അന്ന് ഒരുപാട് സംസാരിച്ചു. എന്നാല്‍ അടുത്ത രണ്ട് കളികളിലും പൂജ്യത്തീന് പുറത്തായി. അപ്പോഴും എന്റെ കഴിവില്‍ മാത്രമാണ് ഞാന്‍ വിശ്വസിച്ചത്. മികച്ച പ്രകടനം നടത്തുന്നതിനായി കഠിനാദ്ധ്വാനം ചെയ്തു. അതിന് ഫലമുണ്ടായി. തുടര്‍ച്ചയായി 2 കളികളില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒട്ടേറെ ചിന്തകള്‍ തലയിലൂടെ കടന്നു പോയത്. ബാറ്റ് ചെയ്യുമ്പോള്‍ ആദ്യം അഭിഷേക് ശര്‍മയും പിന്നീട് തിലക് വര്‍മയും സഹായിച്ചു. തിലകിനൊപ്പം മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സഞ്ജു പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യില്‍ സെഞ്ചുറി നേടിയതോടെ തുടര്‍ച്ചയായ 2 ടി20 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് സഞ്ജു കുറിച്ചിരുന്നു. എന്നാല്‍ അടുത്ത 2 മത്സരങ്ങളിലും സഞ്ജു പൂജ്യത്തിന് പുറത്തായി. ഇതിന് പിന്നാലെ വിമര്‍ശനങ്ങള്‍ വന്നുതുടങ്ങിയെങ്കിലും വീണ്ടുമൊരു സെഞ്ചുറിയോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജുവിനായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മിന്നുന്ന പ്രകടനത്തോടെ സഞ്ജുവും തിലക് വര്‍മയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ടീമില്‍ സ്ഥാനം ഉറപ്പിച്ചു.