രേണുക വേണു|
Last Modified ചൊവ്വ, 18 ജനുവരി 2022 (12:13 IST)
വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഇനി ആര് നയിക്കും എന്ന ചോദ്യമാണ് ബിസിസിഐയ്ക്ക് മുന്നില്‍ അവശേഷിക്കുന്നത്. ട്വന്റി 20 യിലും ഏകദിനത്തിലും കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിയോഗിക്കാന്‍ ബിസിസിഐയ്ക്കും സെലക്ടര്‍മാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, ടെസ്റ്റില്‍ അങ്ങനെയല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയെ നായകനാക്കിയാല്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.
രോഹിത്തിന്റെ പ്രായമാണ് ഒന്നാമത്തെ കടമ്പ. താരത്തിന് ഇപ്പോള്‍ 34 വയസ്സുണ്ട്. പരമാവധി രണ്ടോ മൂന്നോ വര്‍ഷം മാത്രമേ ടെസ്റ്റില്‍ രോഹിത്തിന് കളിക്കാന്‍ സാധിക്കൂ. ഈ ചെറിയ കാലയളവിന് വേണ്ടി രോഹിത്തിനെ ടെസ്റ്റില്‍ നായകനാക്കണോ എന്നാണ് സെലക്ടര്‍മാരില്‍ ചിലര്‍ ബിസിസിഐ അധികൃതരോട് ചോദിച്ചത്.
രോഹിത് എപ്പോഴും പരുക്കിന്റെ പിടിയിലാകുന്നതും ബിസിസിഐയ്ക്ക് തലവേദനയാണ്. തുടര്‍ച്ചയായി അഞ്ച് ദിവസം കളിക്കുക എന്നത് പലപ്പോഴും രോഹിത്തിന് ദുഷ്കരമാണ്. കൈ കുഴയിലെ പരുക്ക് ആവര്‍ത്തിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമായ ഫിറ്റ്നെസും ചില സമയത്ത് ചോദ്യം ചെയ്യപ്പെടുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ രോഹിത്തിന് ടെസ്റ്റ് നായകപദവി നല്‍കണോ എന്നതാണ് ബിസിസിഐയുടേയും ചോദ്യം.