രേണുക വേണു|
Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (12:36 IST)
Harshit Rana: ദുലീപ് ട്രോഫി മത്സരത്തിനിടെ വിവാദ ആഘോഷ പ്രകടനവുമായി ഇന്ത്യന്‍ താരം ഹര്‍ഷിത് റാണ. ഐപിഎല്ലില്‍ ബിസിസിഐയുടെ വിലക്കിനു കാരണമായ ഫ്‌ളയിങ് കിസ് സെലിബ്രേഷനാണ് ഹര്‍ഷിത് റാണ വീണ്ടും നടത്തിയത്. ഇന്ത്യ സി ടീം താരം ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കിയപ്പോഴാണ് ഹര്‍ഷിത് റാണയുടെ ഫ്‌ളയിങ് കിസ് ആഘോഷ പ്രകടനം.
ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിനു വേണ്ടിയാണ് ഹര്‍ഷിത് റാണ കളിക്കുന്നത്. 19 പന്തില്‍ അഞ്ച് റണ്‍സെടുത്ത ഗെയ്ക്വാദിനെ സ്ലിപ്പില്‍ അതര്‍വ ടൈഡിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു ഹര്‍ഷിത് റാണ. വിക്കറ്റ് ലഭിച്ചതിനു പിന്നാലെ ഡ്രസിങ് റൂം ഭാഗത്തേക്ക് നോക്കി ഹര്‍ഷിത് റാണ ഫ്‌ളയിങ് കിസ് നല്‍കി. ഐപിഎല്ലില്‍ പുറത്താക്കിയ ബാറ്റര്‍ക്കു നേരെ ഫ്‌ളയിങ് കിസ് ആഹ്ലാദ പ്രകടനം നടത്തിയതിനാണ് റാണയ്ക്കു ബിസിസിഐയുടെ പിഴയും വിലക്കും ലഭിച്ചത്. അതുകൊണ്ടാകും ഇത്തവണ പുറത്താക്കിയ ബാറ്ററെ നോക്കാതെ ഡ്രസിങ് റൂമിലേക്ക് നോക്കി ആഹ്ലാദപ്രകടനം നടത്തിയതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണ്ടുപിടിത്തം.
ഈ വര്‍ഷത്തെ ഐപിഎല്ലിനിടെയാണ് ഹര്‍ഷിത് റാണ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തി പുലിവാലു പിടിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ഫ്‌ളയിങ് കിസ് സെലിബ്രേഷന്‍ നടത്തിയതിനു മാച്ച് ഫീയുടെ പത്ത് ശതമാനം പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഇതേ സെലിബ്രേഷന്‍ ആവര്‍ത്തിച്ചതോടെ മാച്ച് ഫീയുടെ മുഴുവന്‍ തുക പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും താരം നേരിട്ടു.