IPL 2024: എന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത്, അതില്‍ അസ്വാഭാവികത ഒന്നുമില്ല: ഹാര്‍ദ്ദിക് പാണ്ഡ്യ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 മാര്‍ച്ച് 2024 (19:36 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നതില്‍ അസ്വാഭാവികയൊന്നുമില്ലെന്ന് തുറന്ന് പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. സഹായം ചോദിക്കാന്‍ രോഹിത് എപ്പോഴും കൂടെയുണ്ടാകുമെന്നും ആവശ്യമുള്ള ഘട്ടത്തില്‍ രോഹിത്തിനോട് സഹായം ചോദിക്കാന്‍ മടിക്കില്ലെന്നും മുംബൈ നായകനായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം മാറിയതിനെ പറ്റി ഞാനും രോഹിത്തും തമ്മില്‍ സംസാരിച്ചിട്ടില്ല. നിരന്തരം യാത്രകളിലായതിനാല്‍ അദ്ദേഹത്തെ ഇതുവരെ കാണാനോ സംസാരിക്കാനോ ആയിട്ടില്ല. രോഹിത് ഇന്ന് മുംബൈ ഇന്ത്യന്‍സ് ക്യാമ്പിലെത്തും. അതിന് ശേഷം സംസാരിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് എന്നെ സഹായിക്കാന്‍ രോഹിത് എല്ലായ്‌പ്പോഴുമുണ്ടാകുമെന്ന് ഉറപ്പാണ്. സഹായം ആവശ്യമുണ്ടെങ്കില്‍ അത് ഞാന്‍ ചോദിക്കും. ഒരു നായകനെന്ന നിലയില്‍ എനിക്കും ടീമിനും അത് ഗുണമെ ചെയ്യു. അദ്ദേഹത്തിന് കീഴില്‍ നേടിയതെല്ലാം നിലനിര്‍ത്താനും തുടരാനുമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഞാനും ശ്രമിക്കുന്നത്.

എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല. അതൊരു പുതിയൊരു അനുഭവമായിരിക്കും. കാരണം എന്റെ കരിയറില്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് കീഴിലാണ് ഞാന്‍ കളിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ എന്റെ ചുമലില്‍ പിടിക്കാന്‍ അദ്ദേഹത്തിന്റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം. ഹാര്‍ദ്ദിക് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :