രേണുക വേണു|
Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (16:46 IST)
Hardik Pandya: ഹാര്‍ദിക് പാണ്ഡ്യയെ ഉപനായകനാക്കി ട്വന്റി 20 ലോകകപ്പിനു അയക്കുന്നതില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് ആരാധകരുടെ അഭിപ്രായം. ഐപിഎല്ലിലെ മോശം പ്രകടനമാണ് ആരാധകരുടെ എതിര്‍പ്പിനു കാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും പാണ്ഡ്യ പരാജയമാണെന്നും ഓള്‍റൗണ്ടറായി മറ്റേതെങ്കിലും യുവതാരത്തെ പരിഗണിക്കുകയാണ് നല്ലതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സ് മാത്രമാണ് പാണ്ഡ്യ നേടിയിരിക്കുന്നത്. 142.45 ആണ് സ്ട്രൈക്ക് റേറ്റ്. 39 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. അവസാന ഓവറുകളില്‍ പോലും ഹിറ്റ് ചെയ്യാനുള്ള കഴിവ് പാണ്ഡ്യക്ക് പൂര്‍ണമായി നഷ്ടപ്പെട്ടു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ അഞ്ചാമതോ ആറാമതോ ആയി വേണം പാണ്ഡ്യ ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍. അവസാന ഓവറുകളില്‍ ഇത്രയും മോശം സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താല്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകുമെന്നും ആരാധകര്‍ പറയുന്നു.
ബൗളിങ്ങിലും പാണ്ഡ്യയെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. എട്ട് മത്സരങ്ങളിലായി 102 പന്തുകള്‍ പാണ്ഡ്യ എറിഞ്ഞു. 186 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 10.94 ആണ് ഇക്കോണമി. എട്ട് കളികളിലായി 17 ഓവറോളം എറിഞ്ഞിട്ട് പാണ്ഡ്യക്ക് വീഴ്ത്താന്‍ സാധിച്ചത് നാല് വിക്കറ്റുകള്‍ മാത്രം. ബാറ്റിങ്ങിലും ബൗളിങ്ങിലും അമ്പേ പരാജയമായ പാണ്ഡ്യയെ ലോകകപ്പിലേക്ക് പരിഗണിക്കുന്നതും ഉപനായകന്‍ ആക്കുന്നതും ടീമിന് യാതൊരു ഗുണം ചെയ്യില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം.