രേണുക വേണു|
Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (16:44 IST)
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിനു വിധേയനാക്കി. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ പാണ്ഡ്യ ഇനി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കൂ. ബംഗ്ലാദേശ് ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് പാണ്ഡ്യക്ക് പരുക്കേറ്റത്.
ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കായി ഒന്‍പതാം ഓവര്‍ എറിയാനെത്തിയത്. പാണ്ഡ്യയുടെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. ആദ്യ പന്തില്‍ ബംഗ്ലാദേശ് ബാറ്റര്‍ ലിറ്റണ്‍ ദാസിന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്ത് ലിറ്റണ്‍ ബൗണ്ടറി പായിച്ചു. മൂന്നാം പന്തില്‍ ലിറ്റണ്‍ ദാസ് കളിച്ച സ്ട്രൈറ്റ് ഡ്രൈവ് തടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാണ്ഡ്യ കാല്‍തെറ്റി വീണു. വീഴ്ചയില്‍ പാണ്ഡ്യയുടെ ഇടംകാലിന് ശക്തമായ വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ടീം ഫിസിയോ എത്തി പാണ്ഡ്യയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിരാട് കോലിയാണ് പിന്നീട് ഒന്‍പതാം ഓവറിലെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ എറിഞ്ഞത്.