'പോയി രഞ്ജി കളിച്ചിട്ട് വരൂ'; ബിസിസിഐയെ തള്ളി ഹാര്‍ദിക്, ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ല

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (13:26 IST)

ഹാര്‍ദിക് പാണ്ഡ്യ ഇനി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തില്ല. ഹാര്‍ദിക്കിന്റെ പകരക്കാരനെ സെലക്ടര്‍മാര്‍ കണ്ടെത്തി കഴിഞ്ഞു. വെങ്കടേഷ് അയ്യര്‍ ഒരേസമയം മികച്ച ഫിനിഷറും ഓള്‍റൗണ്ടറുമാണ്. ഹാര്‍ദിക്കിന്റെ വിടവ് നികത്താന്‍ വെങ്കടേഷിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ വെങ്കടേഷ് അയ്യരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മറുവശത്ത് ഹാര്‍ദിക്കിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. രഞ്ജി കളിച്ച് നൂറ് ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുക്കാനാണ് സെലക്ടര്‍മാര്‍ ഹാര്‍ദിക്കിനോട് പറഞ്ഞത്. എന്നാല്‍, രഞ്ജി കളിക്കാന്‍ ഹാര്‍ദിക്ക് തയ്യാറായില്ല. ഹാര്‍ദിക് എന്തുകൊണ്ട് രഞ്ജി കളിക്കുന്നില്ലെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ പറഞ്ഞത്. ബിസിസിഐയുടേയും സെലക്ഷന്‍ കമ്മിറ്റിയുടേയും നിര്‍ദേശം തള്ളിയ സാഹചര്യത്തില്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകും. ഹാര്‍ദിക് എന്തുകൊണ്ട് രഞ്ജി കളിക്കുന്നില്ലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നാണ് ചേതന്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞത്. പന്തെറിയാന്‍ പാകത്തിനു ഫിറ്റ്‌നെസ് വീണ്ടെടുക്കാതെ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ഹാര്‍ദിക്കിനെ പരിഗണിക്കുന്നതിനെ കുറിച്ച് സെലക്ടര്‍മാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :