അഭിറാം മനോഹർ|
Last Modified ബുധന്‍, 3 ജൂലൈ 2024 (15:18 IST)
ഐസിസി ടി20 റാങ്കിംഗില്‍ 2 സ്ഥാനം കുതിച്ച് ലോക ഒന്നാം നമ്പര്‍ ഓള് റൗണ്ടര്‍ താരമായി ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ. ടി20 ലോകകപ്പിലെ ഓള് റൗണ്ട് പ്രകടനങ്ങളാണ് ഹാര്‍ദ്ദിക്കിന് തുണയായത്. ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ മാര്‍ക്കസ് സ്റ്റോയ്നിസ്, ഷാക്കിബ് അല്‍ ഹസന്, ലിയാം ലിവിങ്ങ്സ്റ്റണ് എന്നിവരും തങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തി.
ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി 144 റണ്‍സും 11 വിക്കറ്റുകളും സ്വന്തമാക്കാന്‍ ഹാര്‍ദ്ദിക്കിനായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പന്ത് കൊണ്ട് മികച്ച പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തിയത്. 222 പോയന്റുമായി ഹാര്‍ദ്ദികും ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയുമാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 211 പോയന്റുമായി ഓസീസിന്റെ മാര്‍ക്കസ് സ്റ്റോയ്നിസ് മൂന്നാമതാണ്. സിംബാബ്വെയുടെ സിക്കന്ദര്‍ റാസ, ബംഗ്ലാദേശിന്റെ ഷാക്കിബ് അല്ഹസന് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.