പ്രതിഫലം നല്‍കിയില്ല; യുവരാജും താരങ്ങളും കളിക്കാന്‍ വിസമ്മതിച്ചു - പ്ലേ ഓഫില്‍ കളിക്കില്ലെന്ന് മറ്റു ടീമുകള്‍

  global league , toronto nationals , yuvraj singh , ക്രിക്കറ്റ് , ട്വന്റി-20 , കാനഡ , ഗ്ലോബല്‍ ട്വന്റി-20 , യുവരാജ് സിംഗ്
ടൊറാന്റോ| Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (17:31 IST)
കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രതിഷേധമുയര്‍ത്തി താരങ്ങള്‍. പ്രതിഫലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കളിക്കാര്‍ ഹോട്ടലില്‍ നിന്ന് ടീം ബസില്‍ കയറാന്‍ വിസമ്മതിച്ചു.

മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് ക്യാപ്‌റ്റനായ ടൊറൊന്റോ നാഷണല്‍സിലെ താരങ്ങളും ഓസീസ് മുന്‍താരം ജോര്‍ജ് ബെയ്‌ലി നയിക്കുന്ന മോണ്‍ട്രിയല്‍ ടൈഗേഴ്‌സിലെ താരങ്ങളുമാണ് എതിര്‍പ്പുമായി രംഗത്ത് വന്നത്.

വാഗ്ദാനം ചെയ്‌ത പ്രതിഫലം നല്‍കാത്തതാണ് ഇരു ടീമുകളിലെ താരങ്ങളെയും ചൊടിപ്പിച്ചത്. ഇതോടെ, മത്സരം രണ്ട് മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. പ്രാദേശിക സമയം 12.40ന് തുടങ്ങേണ്ടിയിരുന്ന മത്സരം 2.30ന് ആണ് തുടങ്ങിയത്.

അതേസമയം പുറത്തുവന്ന റിപ്പോര്‍ട്ടുകളെ തള്ളി അധികൃതര്‍ രംഗത്തുവന്നു. നടപടിക്രമങ്ങളിലെ കാലതാമസം മൂലമാണ് മത്സരം വൈകിയതെന്നും താരങ്ങളും ടീം ഉടമകളും തമ്മിലുള്ള ആശയക്കുഴപ്പം പരിഹരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍, മറ്റ് ടീമിലെ താരങ്ങളും പ്രതിഫലത്തെ ചൊല്ലി ടീം ഉടമകളുമായി തര്‍ക്കത്തിലാണെന്നാണ് വിവരം.
പ്രതിഫലം നല്‍കിയില്ലെങ്കില്‍ പ്ലേ ഓഫില്‍ കളിക്കാന്‍ ഇറങ്ങില്ലെന്ന നിലപാടിലാണ് പല താരങ്ങളും.

വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറാന്റോ നാഷണല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ മോണ്‍ട്രിയാല്‍ ടൈഗേഴ്‌സ് 19.3 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :