25 പന്തിൽ സെഞ്ച്വറി, ഓവറിൽ 6 സിക്സർ; താരമായി മുൻസി!

Last Updated: ബുധന്‍, 24 ഏപ്രില്‍ 2019 (17:02 IST)
ഐ.പി.എല്‍ ആവേശം കൊടുമ്പിരി കൊള്ളുന്ന ഈ സമയത്ത് സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നൊരു 'വെടിക്കെട്ട് വാര്‍ത്ത’ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വിന്റി-20 ക്രിക്കറ്റിൽ ഓപ്പണറായി ഇറങ്ങിയ സ്‌കോട്ട്‌ലാന്‍ഡ് താരം ജോര്‍ജ് മന്‍സിയുടെ വെടിക്കെട്ട് പ്രകടനമാണ് ആരാധകരെ ഞെട്ടിച്ചത്.

25 പന്തില്‍ സെഞ്ച്വറി തികച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മൻസി. ഇതില്‍ ഒരോവറിലെ മുഴുവന്‍ പന്തുകളും സിക്സര്‍ നേടുകയും ചെയ്തു. ഗ്ലസ്റ്റര്‍ഷെയര്‍ സെക്കന്‍ഡ് ഇലവനും ബാത്ത് സിസിയും തമ്മിലായിരുന്നു മത്സരം.

ഗ്ലസ്റ്റര്‍ഷെയറിനു വേണ്ടി ഓപ്പണിങ് ചെയ്ത ജോര്‍ജ് 39 പന്തില്‍ നിന്ന് 147 റണ്‍സാണ് അടിച്ച് കൂട്ടിയത്. 20 സിക്സും 5 ബൌണ്ടറിയുമടങ്ങുന്നതാണ് മുൻസിയുടെ ഇന്നിംഗ്സ്. 17 പന്തിൽ അർധസെൻഞ്ച്വറിയിലെത്തിയ താരം അടുത്ത 8 പന്തും സിക്സർ പറത്തിയാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ബാറ്റെടുത്തവരെല്ലാം ആഞ്ഞുവീശിയപ്പോള്‍ 20 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ എത്തിയത് മൂന്നിന് 326. 50 മിനുറ്റ് നീണ്ട എന്റര്‍ടെയ്ന്‍മെന്റ് എന്നായിരുന്നു ജോര്‍ജിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് പ്രേമികള്‍ വിശദീകരിക്കുന്നത്. അനൌദ്യോഗിക ക്രിക്കറ്റായതിനാൽ മുൻസിയുടെ ഈ നേട്ടം റെക്കോർഡ് ബുക്കിൽ ഇടം നേടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :