അഭിറാം മനോഹർ|
Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2024 (15:42 IST)
കാണ്‍പൂര്‍ ടെസ്റ്റിന് മുന്‍പായുള്ള പരിശീലന സെഷനില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരം ഏറെയും ചെലവഴിച്ചത് ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനൊപ്പം. മത്സരത്തിന് മുന്‍പുള്ള 2 ദിവസ പരിശീലന സെഷനിലും കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് മെച്ചപ്പെടുത്താനാണ് ഗംഭീര്‍ ശ്രദ്ധ നല്‍കിയത്. നേരത്തെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് മെന്ററായി മികച്ച ബന്ധമാണ് കെ എല്‍ രാഹുലുമായി ഗംഭീറിനുള്ളത്.
വ്യാഴാഴ്ച നെറ്റ്‌സില്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ് രാഹുല്‍ ഏറെനേരവും പരിശീലനം നടത്തിയത്. ഗംഭീര്‍ തന്നെ നേരിട്ടെത്തി കെ എല്‍ രാഹുലിന്റെ ബാറ്റിംഗ് നിരീക്ഷിച്ചു. കെ എല്‍ രാഹുലിനോട് ബാറ്റിംഗില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും കൈക്കുഴ ഉപയോഗിച്ച് കൂടുതല്‍ ബാറ്റിംഗ് ചെയ്യുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശീലനത്തിന് ശേഷം ഗംഭീര്‍ രാഹുലിന്റെ പുറത്തുതട്ടുകയും ചെയ്തു. 2014ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും ടെസ്റ്റ് കരിയറില്‍ കാര്യമായ നേട്ടം സ്വന്തമാക്കാന്‍ രാഹുലിന് ഇനിയുമായിട്ടില്ല. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലടക്കം പരിചയസമ്പന്നനായ ഒരു ടെസ്റ്റ് താരത്തെ ആവശ്യമുണ്ട് എന്നതിനാലാണ് ടീം രാഹുലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് സൂചന.