രേണുക വേണു|
Last Updated:
വെള്ളി, 12 നവംബര്‍ 2021 (15:10 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പരിഹസിച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരവും പാര്‍ലമെന്റ് അംഗവുമായ ഗൗതം ഗംഭീര്‍. പാക്കിസ്ഥാന്റെ വെറ്ററന്‍ താരം മുഹമ്മദ് ഹഫീസിന്റെ 'കൈവിട്ട' പന്തില്‍ സിക്‌സടിച്ച വാര്‍ണറുടെ പ്രവര്‍ത്തി ഗംഭീറിന് ഇഷ്ടപ്പെട്ടില്ല. അംപയര്‍ നോ ബോള്‍ വിളിച്ച പന്തില്‍ വാര്‍ണര്‍ ക്രീസിനു പുറത്തേക്ക് വന്ന് സിക്‌സ് അടിക്കുകയായിരുന്നു.
ഹഫീസിന്റെ കയ്യില്‍നിന്ന് നിയന്ത്രണം വിട്ട് തെന്നിത്തെറിച്ച പന്ത് ബോളര്‍ക്ക് അധികം മുന്നിലല്ലാതെ പിച്ച് ചെയ്തു. രണ്ടാമതും പിച്ച് ചെയ്ത് പുറത്തേക്കു നീങ്ങവേ വാര്‍ണര്‍ ക്രീസ് വിട്ട് പുറത്തിറങ്ങി. മൂന്നാമത്തെ പിച്ചിനു മുന്‍പേ പന്ത് നേരേ ഗാലറിയിലേക്ക് പറത്തുകയാണ് വാര്‍ണര്‍ ചെയ്തത്. മിക്ക താരങ്ങളും ബൗളര്‍മാരുടെ നിയന്ത്രണം വിട്ട പന്ത് കളിക്കാതിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍, ഇന്നലെ വാര്‍ണര്‍ രണ്ട് തവണ പിച്ച് ചെയ്ത പന്ത് ക്രീസില്‍ നിന്ന് പുറത്തിറങ്ങി സിക്‌സ് അടിക്കുകയായിരുന്നു. പന്ത് രണ്ടു തവണ പിച്ച് ചെയ്തതിനെ തുടര്‍ന്നാണ് അംപയര്‍ നോബോള്‍ അനുവദിച്ചത്. ഫ്രീഹിറ്റ് അനുവദിച്ച പന്തില്‍ വാര്‍ണര്‍ ഡബിള്‍ ഓടിയെടുക്കുകയും ചെയ്തു. അങ്ങനെ ഹഫീസിന്റെ ഒരു പന്തില്‍ ഒന്‍പത് റണ്‍സാണ് ഓസ്‌ട്രേലിയയ്ക്ക് കിട്ടിയത്.
ഹഫീസിന്റെ നിയന്ത്രണം വിട്ടുവന്ന പന്ത് വാര്‍ണര്‍ കളിച്ചത് ശരിയായില്ലെന്നാണ് ഗംഭീറിന്റെ അഭിപ്രായം. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയെന്നാണ് ഗംഭീര്‍ ഇതിനെ വിശേഷിപ്പിച്ചത്. 'കളിയുടെ മാന്യതയ്ക്ക് ഒട്ടും നിരക്കാത്ത തീര്‍ത്തും ദയനീയമായ പ്രകടനമായിപ്പോയി വാര്‍ണറിന്റേത്. ലജ്ജാകരം. രവിചന്ദ്രന്‍ അശ്വിന്റെ അഭിപ്രായമെന്താണ്?' - ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.