ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

Gambhir
അഭിറാം മനോഹർ| Last Modified വെള്ളി, 5 ഡിസം‌ബര്‍ 2025 (13:20 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതില്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. മുഹമ്മദ് ഷമിയടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്നും മുഹമ്മദ് ഷമി ടീമിലില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഏറെ മെച്ചപ്പെടാനുണ്ട്. മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുണ്ടാകുമ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങിന് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യന്‍ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെ മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അസ്സാന്നിധ്യത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ മത്സരം വിജയിപ്പിക്കാനാകുന്ന ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു. അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരു പോലെ തന്നെ. വരുണ്‍ ചക്രവര്‍ത്തിയെ ഏകദിനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യനിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പ്പുള്ള ഒരു സ്പിന്നറെ കൂടി ഇന്ത്യയ്ക്ക് ലഭിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :