രേണുക വേണു|
Last Modified തിങ്കള്‍, 22 ജൂലൈ 2024 (11:14 IST)
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിച്ച് ഗൗതം ഗംഭീര്‍. തനിക്ക് കോലിയുമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഒന്നിച്ച് ജോലി ചെയ്തു രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ പറഞ്ഞു. കോലിയേയും തന്നെയും ബന്ധപ്പെടുത്തിയുള്ള വാര്‍ത്തകള്‍ ടിആര്‍പിക്ക് നല്ലതാണെന്നും ഗംഭീര്‍ പറഞ്ഞു.
' ഇതൊക്കെ ടിആര്‍പിക്ക് നല്ലതാണ്. എന്റെ ബന്ധങ്ങള്‍ പരസ്യമല്ല. പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം മാത്രമാണ് അത്. അദ്ദേഹവുമായി ഞാന്‍ നല്ല ബന്ധത്തിലാണ്. കോലിയുമായി ഞാന്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഞാന്‍ പരിശീലകനായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പോ ശേഷമോ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. തലക്കെട്ടുകള്‍ ആഗ്രഹിക്കുന്നവരാണ് അതിനായി ശ്രമിക്കുന്നത്. അവന്‍ തികഞ്ഞൊരു പ്രൊഫഷണല്‍ ആണ്. അദ്ദേഹം ലോകോത്തര കളിക്കാരനാണ്. ഞങ്ങള്‍ ഒന്നിച്ചു രാജ്യത്തിനായി സേവനം ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒന്നിച്ചുനിന്ന് രാജ്യത്തിനു അഭിമാനിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയാണ് ഞങ്ങളുടെ ജോലി. നൂറ് കോടിയിലേറെ ജനങ്ങളെയാണ് ഞങ്ങള്‍ പ്രതിനിധീകരിക്കുന്നത്,' ഗംഭീര്‍ പറഞ്ഞു.
അതേസമയം ഏകദിനത്തിലും ടെസ്റ്റിലും വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ഫിറ്റ്‌നെസ് നിലനിര്‍ത്തുകയാണെങ്കില്‍ ഇരുവരും 2027 ലെ ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.