അഭിറാം മനോഹർ|
Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (12:49 IST)
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന്
ജസ്റ്റിൻ ലാംഗർ രാജിവെച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിനും ക്രിക്കറ്റ് ബോർഡിനുമെതിരെ രൂക്ഷവിമർശനവുമായി മുൻതാരങ്ങൾ. പരിശീലകസ്ഥാനറ്റ്ത് തുടരാൻ ലാംഗർ ആഗ്രഹിച്ചിരുന്നുവെങ്കിലും ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ പിന്തുണച്ചില്ലെന്ന് ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിങ് പറഞ്ഞു.
ടീമിൽ കളിക്കാരുടെ അപ്രമാദിത്വമാണ് സ്ഥാനമൊഴിയാൻ ലാംഗറെ പ്രേരിപ്പിച്ചത്.ടീമിലെ ഏതാനും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫിലെ ചിലര്‍ക്കും തന്റെ ശൈലി ഇഷ്ടമായിരുന്നില്ലെന്ന് ലാംഗര്‍ തന്നോട് തുറന്നു പറഞ്ഞിരുന്നു.തന്റെ ജീവനും ജീവിതവും ഓസ്ട്രേലിയന്‍ ക്രിക്കറ്റിനായി സമര്‍പ്പിച്ച ജസ്റ്റിന് ലാംഗറെപ്പോലൊരാള്‍ക്ക് സ്ഥാനം ഒഴിയാന്‍ കൂടുതല്‍ കാരണങ്ങൾ വേണ്ടല്ലോ, പോണ്ടിങ് ചോദിക്കുന്നു.
അതേസമയം ലാംഗർ ഇല്ലായിരുന്നുവെങ്കിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറുമെല്ലാം എവിടെയായിരിക്കുമെന്ന് ഓർക്കണമെന്നും ലാംഗര്‍ക്കെതിരായ കളിക്കാരുടെ പ്രതിഷേധം പോലും പുറത്തുപോയത് ക്രിക്കറ്റ് ബോര്‍ഡിന്റെ പിടിപ്പുകേടാണെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു.
പന്ത് ചുരണ്ടല്‍ അടക്കം ഓസീസ് ക്രിക്കറ്റില്‍ നിലനിന്ന മോശം സംസ്കാരം തന്നെ മാറ്റി ആരും മാനിക്കുന്ന ടീമാക്കി ഓസ്ട്രേലിയയെ മാറ്റിയെടുത്ത പരിശീലകനാണ് ലാംഗറെന്ന് മുൻതാരം മിച്ചൽ ജോൺസൺ പറഞ്ഞു. അതേസമയം ലാംഗര്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം അപമാനകരമാണെന്ന് മുന്‍ താരം ബ്രാഡ് ഹോഗ് പറഞ്ഞു. ദുരന്തമുഖത്ത് നിന്ന് ഓസീസിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച അദ്ദേഹത്തെ അപമാനിച്ചാണ് ഇറക്കിവിടുന്നതെന്നും ബ്രാഡ് ഹോഗ് കുറ്റപ്പെടുത്തി.