അഭിറാം മനോഹർ|
Last Modified ബുധന്‍, 13 നവംബര്‍ 2024 (14:52 IST)
ഈ മാസം 22ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം നേടാന്‍ ഇരുടീമുകള്‍ക്കും പരമ്പര നിര്‍ണായകമാണെന്നിരിക്കെ വലിയ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ 2 തവണയും നാട്ടില്‍ ഇന്ത്യയോടേറ്റ പരാജയത്തിന്റെ മുറിവ് ഇത്തവണ ഉണക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസീസ് ടീം. ഇപ്പോഴിതാ പരമ്പരയ്ക്ക് മുന്‍പ് തന്നെ ഇന്ത്യന്‍ ബാറ്റര്‍മാരെ ലക്ഷ്യമിട്ട് വാക്‌പോര് തുടങ്ങിയിരിക്കുകയാണ് ഓസ്‌ട്രേലിയ.
മുന്‍ ഓസ്‌ട്രേലിയന്‍ താരമായ ബ്രാഡ് ഹാഡിനാണ് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തിളങ്ങാനാവില്ലെന്ന് വ്യക്തമാക്കിയത്. ഇന്ത്യ വളരെ പ്രതീക്ഷയോടെ കാണുന്ന യുവ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരാജയമാകുമെന്നാണ് ഹാഡിന്‍ പറയുന്നത്. ടെസ്റ്റ് കരിയറില്‍ 14 മത്സരങ്ങളില്‍ നിന്നും 56.28 ശരാശരിയില്‍ 3 സെഞ്ചുറികള്‍ ഉള്‍പ്പടെ 1407 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്. ജയ്‌സ്വാള്‍ മികച്ച കളിക്കാരനാണെങ്കിലും ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്താനാവില്ലെന്ന് ഹാഡിന്‍ പറയുന്നു.
നവംബര്‍ 22ന് പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് ഇന്ത്യന്‍ സമയം രാവിലെ 7:50നാണ് ആരംഭിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ അഡലെയ്ഡ് ഓവലിലാണ് രണ്ടാം ടെസ്റ്റ്. ഈ ടെസ്റ്റ് മത്സരം ഡേ നൈറ്റ് ടെസ്റ്റായതിനാല്‍ ഇന്ത്യന്‍ സമയം രാവിലെ 9:30നാകും കാണാന്‍ സാധിക്കുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സും ഡിസ്‌നി+ ഹോട്ട്സ്റ്റാറിലുമാകും മത്സരങ്ങള്‍ കാണാനാവുക.