ഏഷ്യാകപ്പിൽ ഇന്ത്യ പേടിക്കണം അഗ്ഗാനെ തകർത്തെറിഞ്ഞ പാക് ബൗളിംഗ് നിരയെ

അഭിറാം മനോഹർ| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (12:57 IST)
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് 142 റണ്‍സിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 47.1 ഓവറില്‍ 201 റണ്‍സിന് എല്ലാവരും തന്നെ പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ വെറും 19.2 ഓവറിലാണ് പാകിസ്ഥാന്‍ തകര്‍ത്തെറിഞ്ഞത്. 59 റണ്‍സ് മാത്രമാണ് അഫ്ഗാന് മത്സരത്തില്‍ നേടാനായത്. അഞ്ച് വിക്കറ്റ് നേടിയ പാക് പേസര്‍ ഹാരിസ് റൗഫാണ് അഫ്ഗാനെ തകര്‍ത്തത്.

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്ഗാന്റെ 2 വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞിട്ടു. ഇബ്രാഹിം സദ്രാന്‍, റഹ്മത്ത് ഷാ എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. ഹഷ്മതുള്ള ഷഹീദിയെ നസീം ഷായും പൂജ്യത്തിന് പുറത്താക്കി എന്നാല്‍ പിന്നീടുള്ളത് ഹാരിസ് റൗഫിന്റെ ഊഴമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ്(18), ഇക്രം അലിഖില്‍(4),മുഹമ്മദ് നബി(7) റാഷിദ് ഖാന്‍(0), മുജീബ് ഉര്‍ റഹ്മാന്‍(4) എന്നിവരെ ഹാരിസ് മടക്കി.

നേരത്തെ പാകിസ്ഥാനെ മുജീബ് ഉര്‍ റഹ്മാന്‍, മുഹമ്മദ് നബി,റാഷിദ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്. 61 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖിന് മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്താനായത്. പാക് നിരയില്‍ ഷദാബ് ഖാന്‍(39) മാത്രമാണ് ഒരല്‍പ്പമെങ്കിലും പിന്നീട് ചെറുത്ത് നിന്നത്. ഏഷ്യാകപ്പ് മത്സരങ്ങള്‍ അടുത്ത് തന്നെ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ് പരമ്പരയിലെ പാക് പേസര്‍മാരുടെ പ്രകടനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :