അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ജനുവരി 2024 (12:36 IST)
ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലി അയോധ്യയില്‍ നടന്ന പ്രാണ്‍ പ്രതിഷ്ടാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാമപ്രതിഷ്ടാ ചടങ്ങിന് ക്ഷണമുണ്ടായിരുന്നെങ്കിലും താരം പക്ഷെ ചടങ്ങിനെത്തിയിരുന്നില്ല. കോലിയ്ക്ക് പുറമെ രോഹിത് ശര്‍മ, എം എസ് ധോനി എന്നിവരും ക്ഷണം ലഭിച്ചിട്ടും ചടങ്ങിന് പോയിരുന്നില്ല. എന്നാല്‍ ഇതിനിടെ കോലി അയോധ്യയിലെത്തിയെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി ധരിച്ചെത്തിയ വിരാട് കോലിയുടെ അപരന്റെ സാന്നിധ്യമാണ് ഈ വാര്‍ത്ത പടരാന്‍ കാരണമായത്. ഇയാള്‍ ചടങ്ങിനെത്തിയതോടെ ആരാധകര്‍ ആളെ പൊതിയുകയും ചെയ്തു. ഒടുവില്‍ ആരാധകശല്യം കാരണം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയാണ് അപരന്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്താവുകയും ചെയ്തു.അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങളില്‍ കോലി പങ്കെടുക്കില്ലെന്ന് അറിയിച്ചു. മൂന്നാം ടെസ്റ്റിലാകും കോലി ടീമിനൊപ്പം ചേരുക.