രേണുക വേണു|
Last Modified തിങ്കള്‍, 13 ജൂണ്‍ 2022 (13:51 IST)
ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കെതിരെ ആരാധകര്‍. ട്വന്റി 20 ഫോര്‍മാറ്റിലെ ശ്രേയസ് അയ്യരുടെ മെല്ലെപ്പോക്ക് ഇന്ത്യക്ക് ദോഷം ചെയ്യുമെന്നാണ് ആരാധകരുടെ അഭിപ്രായം. പേസ് ബൗളര്‍മാരെ നേരിടാന്‍ ശ്രേയസ് അയ്യര്‍ വിയര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. പേസ് ബൗളര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ശ്രേയസ് തയ്യാറാകണമെന്ന് ആരാധകര്‍ പറയുന്നു.
ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ആക്രമിച്ച് കളിക്കുകയാണ് തങ്ങളുടെ പദ്ധതിയെന്നാണ് ശ്രേയസ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനു ശേഷം പറഞ്ഞത്. എന്നാല്‍ ശ്രേയസ് അയ്യരുടെ ബാറ്റില്‍ നിന്ന് ആ രീതിയിലല്ല റണ്‍സ് വരുന്നത്. സ്പിന്നിനെ ആക്രമിച്ച് കളിക്കുന്ന ശ്രേയസ് പേസ് ബൗളര്‍മാര്‍ക്കെതിരെ പരുങ്ങലിലാകുന്നു.
ട്വന്റി 20 ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പേസ് പിച്ചില്‍ ശ്രേയസിനെ പോലൊരു ബാറ്റര്‍ എങ്ങനെ തിളങ്ങുമെന്നതാണ് സംശയം. ഓസ്‌ട്രേലിയയില്‍ പേസ് ബൗളര്‍മാരെ വച്ചായിരിക്കും എതിരാളികള്‍ തന്ത്രങ്ങള്‍ മെനയുക. സ്പിന്നര്‍മാര്‍ക്ക് പൊതുവെ പ്രാധാന്യം കുറവായിരിക്കും. അവിടെയാണ് ശ്രേയസ് അയ്യര്‍ എത്രത്തോളം ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് ശക്തി പകരുമെന്ന സംശയം ബാക്കിയാകുന്നത്.