നന്നായി കളിച്ചെങ്കിലും സഞ്ജു ആ മണ്ടത്തരം ചെയ്യാന്‍ പാടില്ലായിരുന്നു ! മലയാളി താരത്തിനു വിമര്‍ശനം

ഇന്ത്യന്‍ നിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണ് കിടിലന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചത്

രേണുക വേണു| Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (14:29 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഒന്‍പത് റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യന്‍ നിരയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആണ് കിടിലന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചത്. ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം അമ്പേ നിരാശപ്പെടുത്തിയപ്പോള്‍ 63 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 86 റണ്‍സുമായി പുറത്താകാതെ നിന്ന് സഞ്ജു ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി.

കിടിലന്‍ ഇന്നിങ്‌സ് കളിച്ചിട്ടും സഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. കഗിസോ റബാദ എറിഞ്ഞ 39-ാം ഓവറില്‍ സഞ്ജു വേണ്ടത്ര ബുദ്ധിപരമായി നീക്കങ്ങള്‍ നടത്തിയില്ലെന്നാണ് വിമര്‍ശനം. റബാദ എറിഞ്ഞ 39-ാം ഓവറില്‍ ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്തത് ആവേശ് ഖാനാണ്. ആദ്യ രണ്ട് പന്തുകളും ആവേശ് ഖാന്‍ ഡോട്ട് ബോള്‍ ആക്കി. മൂന്നാം പന്തില്‍ സിംഗിള്‍ എടുത്ത് സഞ്ജു സാംസണ് സ്‌ട്രൈക്ക് കൈമാറാന്‍ ആവേശ് ഖാന് അവസരമുണ്ടായിരുന്നു. എന്നാല്‍ ആ പന്തില്‍ ആവേശ് ഖാന്‍ ഡബിള്‍ ഓടി.

നിര്‍ണായക സമയത്ത് സ്‌ട്രൈക്ക് സ്വന്തമാക്കാന്‍ സിംഗിള്‍ ഓടി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുകയായിരുന്നു സഞ്ജു ചെയ്യേണ്ടിയിരുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം. സഞ്ജു ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ് ആ പന്തില്‍ ഡബിള്‍ ഓടിയത്. സിംഗിള്‍ ആണ് എടുത്തിരുന്നതെങ്കില്‍ റബാദയുടെ അടുത്ത മൂന്ന് പന്തുകളും സഞ്ജുവിന് നേരിടാന്‍ സാധിക്കുമായിരുന്നു. മറിച്ച് ഡബിള്‍ ഓടിയപ്പോള്‍ ആവേശ് ഖാന്‍ തന്നെ സ്‌ട്രൈക്കര്‍ എന്‍ഡില്‍ വരികയും തൊട്ടടുത്ത പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തു. ആ ഓവറിലെ അഞ്ചാം പന്തില്‍ ആവേശ് ഖാന്റെ വിക്കറ്റും നഷ്ടമായി. മൂന്നാം പന്തിലെ ഡബിള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ മത്സരത്തിന്റെ ഗതി പൂര്‍ണമായും മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :