രേണുക വേണു|
Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (16:28 IST)
കെ.എല്‍.രാഹുലിന്റെ കരിയറില്‍ നിര്‍ണായക മത്സരങ്ങളില്‍ ദയനീയ പരാജയമാകുന്നത് തുടര്‍ക്കഥയാകുന്നു. വമ്പന്‍ ടീമുകള്‍ക്കെതിരെ പ്രത്യേകിച്ച് പാക്കിസ്ഥാനെതിരെ മോശം റെക്കോര്‍ഡാണ് രാഹുലിന്റെ പേരില്‍. ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ രാഹുല്‍ വിറച്ചു.
നിര്‍ണായക മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാനുള്ള മികവ് രാഹുലിന് ഇല്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. പാക്കിസ്ഥാനെതിരെ കഴിഞ്ഞ നാല് ടി20 ഇന്നിങ്‌സുകളില്‍ നിന്നായി രാഹുല്‍ ആകെ നേടിയത് 35 റണ്‍സ്. ഇന്നലെ പുറത്തായത് നാല് റണ്‍സ് എടുത്ത് ! ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ മത്സരത്തില്‍ 28 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം നടന്ന ടി 20 ലോകകപ്പില്‍ ആകട്ടെ രാഹുല്‍ പാക്കിസ്ഥാനെതിരെ നേടിയത് വെറും മൂന്ന് റണ്‍സ്.
നിര്‍ണായക മത്സരങ്ങളില്‍ രാഹുല്‍ ടീമിന് ഭാരമാകുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. പവര്‍പ്ലേയില്‍ പോലും രാഹുലിന് റണ്‍സ് കണ്ടെത്താന്‍ സാധിക്കുന്നില്ല. മാത്രമല്ല തുടക്കം മുതല്‍ പ്രതിരോധ ക്രിക്കറ്റ് ശൈലിയിലേക്ക് മാറുന്നത് ടീമിന് സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.