അഭിറാം മനോഹർ|
Last Modified ഞായര്‍, 7 ജൂലൈ 2024 (11:26 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ ടൂര്‍ണമെന്റിലുടനീളം ആരാധകരുടെ പരിഹാസപാത്രമായതിന് ശേഷം തന്റെ വിമര്‍ശകര്‍ക്ക് തന്റെ പ്രകടനങ്ങളിലൂടെ ശക്തമായ മറുപടി നല്‍കിയ താരമാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടറായ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ ഹാര്‍ദ്ദിക്കിന്റെ സംഭാവന വളരെ വലുതായിരുന്നു. ഐപിഎല്ലിലെ പരാജയത്തിന് പിന്നാലെ സ്വകാര്യജീവിതത്തിലെ പല സംഭവങ്ങളും ഹാര്‍ദ്ദിക്കിനെ തളര്‍ത്തുന്നതായിരുന്നു. എന്നാല്‍ അതിനോടെല്ലാം പട വെട്ടിയാണ് ഹാര്‍ദ്ദിക് ഇന്ത്യയ്ക്ക് കിരീടനേട്ടം സമ്മാനിച്ചത്.
ഇപ്പോഴിതാ കഴിഞ്ഞ 6 മാസങ്ങളിലായി ഹാര്‍ദ്ദിക് വളരെ പ്രയാസത്തിലൂടെയാണ് കടന്നുപോയതെന്ന് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് സഹോദരനും ക്രിക്കറ്ററുമായ ക്രുണാല്‍ പാണ്ഡ്യ. ഞാനും ഹാര്‍ദ്ദിക്കും പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി ഏകദേശം ഒരു പതിറ്റാണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ഞങ്ങള്‍ സ്വപ്നം കണ്ട കെട്ടുക്കഥ പോലെയായിരുന്നു. ഇന്ത്യയുടെ വിജയത്തില്‍ എന്റെ സഹോദരന് നിര്‍ണായക പങ്ക് വഹിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്,
കഴിഞ്ഞ ആറ് മാസങ്ങളിലായി ഏറെ പ്രായസത്തിലൂടെയാണ് അവന്‍ കടന്നുപോയത്. ഈ പ്രയാസങ്ങള്‍ അവന്‍ അര്‍ഹിക്കുന്നതല്ല. ഒരു സഹോദരനെന്ന നിലയില്‍ അവന്‍ കടന്ന് പോയ അവസ്ഥകളെ പറ്റി ഓര്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ആള്‍ക്കാര്‍ കൂവി അപമാനിച്ചത് മുതല്‍ എല്ലാ മോശം കാര്യങ്ങളും ആളുകള്‍ അവനെ പറ്റി പറഞ്ഞു. അവനും വികാരങ്ങള്‍ ഉള്ള ഒരു മനുഷ്യനാണെന്ന് എല്ലാവരും മറന്നു. ഒന്ന് പുഞ്ചിരിക്കാന്‍ അവന്‍ എത്ര ബുദ്ധിമുട്ടിയെന്ന് എനിക്കറിയാമെങ്കിലും അവന്‍ ഒരു പുഞ്ചിരിയുമായി അതിലൂടെയെല്ലാം കടന്നുപോയി. കഠിനാദ്ധ്വാനത്തില്‍ ശ്രദ്ധിക്കുകയും ലോകകപ്പില്‍ ചെയ്യേണ്ടതെല്ലാം ടീമിനായി ചെയ്യുകയും ചെയ്തു. എന്തെന്നാല്‍ അവന്റെ ആത്യന്തികമായ ലക്ഷ്യം അതായിരുന്നു. ക്രുണാല്‍ കുറിച്ചു.