അഭിറാം മനോഹർ|
Last Modified ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (11:30 IST)
14 തുടര്‍വിജയങ്ങളുമായുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പിന് വിരാമമിട്ട് ഇംഗ്ലണ്ട്. ഏകദിനപരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ 43 റണ്‍സിനാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ തകര്‍ത്തത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്‌കോര്‍ 37.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സില്‍ എത്തിനില്‍ക്കെ മഴപെയ്തതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇംഗ്ലണ്ടിനെ വിജയികളാക്കി പ്രഖ്യാപിച്ചത്.
സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും(110) അര്‍ധസെഞ്ചുറി നേടിയ വില്‍ ജാക്‌സിന്റെയും*84) പ്രകടനങ്ങളാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ലിയാം ലിവിങ്ങ്സ്റ്റണ്‍ 20 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡെക്കറ്റിനെയും ഫില്‍ സാല്‍ട്ടിനെയും പുറത്താക്കി കൊണ്ട് മികച്ച തുടക്കമാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയ്ക്ക് നല്‍കിയത്. 11-2 എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ടിനെ കരകയറ്റിയത് 156 റണ്‍സിന്റെ ബ്രൂക്ക്- ജാക്‌സ് സഖ്യമായിരുന്നു. ജാക്‌സ് പുറത്തായതിന് ശേഷം ജാമി സ്മിത്തിനെ 7 റണ്‍സിന് നഷ്ടമായെങ്കിലും ലിവിങ്ങ്സ്റ്റണിന്റെ പിന്തുണയില്‍ സെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയ്ക്കായി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ടോപ് സ്‌കോററായത്. 65 പന്തില്‍ 77 റണ്‍സെടുത്ത ക്യാരിയുടെയും 60 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റെയും ഇന്നിങ്ങ്‌സുകളാണ് ഓസീസിനെ 300 കടത്തിയത്. ആരോണ്‍ ഹാര്‍ഡി(44) കാമറൂണ്‍ ഗ്രീന്‍(42) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി. അതേസമയം മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ് ഓസീസ് ടീമില്‍ ഉണ്ടായിരുന്നില്ല.