അഭിറാം മനോഹർ|
Last Modified ചൊവ്വ, 12 ഡിസംബര്‍ 2023 (12:43 IST)
ഇന്ത്യക്കെതിരെ 2024ന്റെ തുടക്കത്തില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് സര്‍പ്രൈസ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാല് സ്പിന്നര്‍മാരെ കുത്തിനിറച്ചുകൊണ്ട് 16 അംഗ
സര്‍പ്രൈസ്
ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 3 പുതുമുഖതാരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. പരിക്ക് മാറി ജാക്ക് ലീച്ചും ഒലി പോപ്പും സ്‌ക്വാഡില്‍ മടങ്ങിയെത്തി. ബെന്‍ സ്‌റ്റോക്‌സ് തന്നെയാണ് ടീം നായകന്‍.
പേസര്‍ ഗസ് അറ്റ്കിന്‍സണും സ്പിന്നര്‍മാരായ ടോം ഹാര്‍ട്‌ലിയും ഷൊയൈബ് ബഷീറുമാണ് ടീമിലെ പുതുമുഖങ്ങള്‍. സ്പിന്നര്‍മാരില്ലാതെ ഇന്ത്യന്‍ പിച്ചുകളില്‍ വിജയിക്കാനാവില്ലെന്ന കണക്കുകൂട്ടലിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം. ജാക്ക് ലീച്ച്,അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി,ടീമില്‍ മടങ്ങിയെത്തിയ 19കാരനായ ലെഗ് സ്പിന്നര്‍ രെഹാന്‍ അഹമ്മദ്, വലംകയ്യന്‍ ഓഫ്ഫ്‌സ്പിന്നറായ ഷൊയൈബ് ബഷീര്‍ എന്നിവരാണ് ഇംഗ്ലണ്ട് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യക്കെതിരെ തിളങ്ങിയ മുന്‍ നായകന്‍ ജോ റൂട്ടും സ്പിന്‍ ഓപ്ഷനാണ്.
വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, മാര്‍ക് വുഡ്,ഒലി റോബിന്‍സണ്‍,ഗസ് അറ്റ്കിന്‍സണ്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. അതേ സമയം കഴിഞ്ഞ മാസം കാലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പരമ്പരയില്‍ പന്തെറിയില്ല. ബെന്‍ ഫോക്‌സാകും ഇംഗ്ലണ്ട് ടീമിന്റെ വിക്കറ്റ് കീപ്പര്‍. ജനുവരി 25ന് ഹൈദരാബാദിലാണ്
ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് തുടങ്ങുക. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.