ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലക സ്ഥാനം ഒഴിയും, ബിസിസിഐയുമായി ചർച്ച നടത്തി

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (20:02 IST)
ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് ടീം പരിശീലകസ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തന്നെ തിരികെമടങ്ങാനാണ് ദ്രാവിഡിന്റെ ശ്രമം. ക്രിക്കറ്റ് അക്കാദമിയുടെ നിലവിലെ തലവനായ മുന്‍ ഇന്ത്യന്‍ താരമായ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടതിന് പിന്നാലെ ദ്രാവിഡ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.

നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാണ് ലക്ഷ്മണ്‍. യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ പരാജയത്തിന് പിന്നാലെ 2021ലാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനല്‍ മത്സരത്തില്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിന്റെ സെമിയിലെത്താനും ടീമിനായിരുന്നു. ഈ വര്‍ഷം ഏഷ്യാകപ്പ് നേടിയതാണ് പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ വലിയ നേട്ടം.

അതേസമയം പരിശീലകസ്ഥാനം ഒഴിയുന്നതിനെ പറ്റി ഇതുവരെ ആലോചിട്ടില്ലെന്നാണ് ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സമയമാകുമ്പോള്‍ ഇതില്‍ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :