അഭിറാം മനോഹർ|
Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (17:11 IST)
ലോകകപ്പിന് മുന്നോടിയായ്യി ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ഓസീസ് ടീമില്‍ നായകന്‍ പാറ്റ് കമ്മിന്‍സും സ്റ്റീവ് സ്മിത്തും തിരിച്ചെത്തിയപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുകയാണ് ഇന്ത്യ ചെയ്തത്. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എന്തിനാണ് ടീമില്‍ സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയത് എന്നടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്.
ലോകകപ്പില്‍ കോലിയും രോഹിത്തും ഇന്ത്യയുടെ നിര്‍ണായകതാരങ്ങളാണ്. ഇത്രയും നിര്‍ണായകമായ ഒരു ടൂര്‍ണമെന്റിന് ഒരുങ്ങുമ്പോള്‍ ഇരുവരും ശാരീരികമായും മാനസികവുമായി ഒരുങ്ങേണ്ടതുണ്ട്. അവരുടെ പ്രതിഭയെ അവര്‍ വിചാരിക്കുന്ന സ്ഥലത്ത് നിര്‍ത്തുക എന്നത് പ്രധാനമാണ്. അവര്‍ ഫ്രഷായി തന്നെ ലോകകപ്പ് കളിക്കട്ടെ. ഇത്തരമൊരു ടൂര്‍ണമെന്റില്‍ എങ്ങനെ തയ്യാറെടുക്കണമെന്ന് അവര്‍ക്കറിയാം. ശരിയായ മാനസികാവസ്ഥയാണ് പ്രധാനം. അതിനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്തത്.
സൂര്യയും ശ്രേയസും ഫോമിലേയ്ക്ക് തിരിച്ചെത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അവര്‍ക്ക് അതിനുള്ള ആത്മവിശ്വാസം നല്‍കേണ്ട കാര്യം മാത്രമെ ബാക്കിയുള്ളു. പരിക്കേറ്റ് ഏറെ കാലം ടീമില്‍ നിന്നും വിട്ടുനിന്ന ശ്രേയസിന് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസരമാണിത്. സൂര്യയ്ക്കാവട്ടെ ടി20യില്‍ അവന്‍ ചെയ്യുന്നത് ഏകദിനത്തിലേക്ക് കൊണ്ടുവരിക മാത്രമാണ് ചെയ്യാനുള്ളത്. സൂര്യയടക്കമുള്ളവരുമായി ഞങ്ങള്‍ നിരന്തരമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വരുന്ന 2 മത്സരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വലിയ അവസരങ്ങളാണ്.വരുന്ന മാസങ്ങള്‍ വലിയ വെല്ലുവിളികളാണ് ടീമിന് അഭിമുഖീകരിക്കേണ്ടത്. രാഹുല്‍ ദ്രാവിഡ് പറഞ്ഞു.