അഭിറാം മനോഹർ|
Last Modified ബുധന്‍, 22 ഏപ്രില്‍ 2020 (21:00 IST)
കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാൻ ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തിയെന്ന് ദിനേശ് കാർത്തിക്. ന്യൂസിലൻഡ് ഉയർത്തിയ 240 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെ നഷ്ടമായി പതറിയപ്പോഴാണ് കാര്‍ത്തിക്ക് ക്രീസിലെത്തിയത്. ഈ മാറ്റം തന്നെ അമ്പരപ്പിച്ചുവെന്നാണ് കാർത്തിക് പറയുന്നത്.
ഏഴാം നമ്പറിലാണ് താൻ കളിക്കേണ്ടിവരികയെന്നാണ് ടീം മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.അതുകൊണ്ടുതന്നെ ഷോര്‍ട്ട്സ് എല്ലാം ധരിച്ചിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ തുടക്കത്തിലെ വിക്കറ്റുകൾ വീണു തുടങ്ങിയപ്പോൾ തയ്യാറായി ഇരിക്കാൻ പറഞ്ഞു. ആ സമയം രാഹുൽ പുറത്താവുമെന്ന് പ്രതീക്ഷിക്കാത്തതിനാല്‍ പാഡ് ചെയ്യാന്‍ വൈകിയ ഞാന്‍ അല്‍പം താമസിച്ചാണ് ക്രീസിലെത്തിയതെന്നും കാർത്തിക പറഞ്ഞു.
ഇന്ത്യ പരാജയപ്പെട്ട മത്സരത്തിൽ അഞ്ചാം നമ്പർ സ്ഥാനത്ത് ധോണിക്ക് പകരം ദിനേശ് കാർത്തികിനെ കളിപ്പിച്ച തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.ഈ തീരുമാനമാണ് സെമിയിലെ തോല്‍വിയില്‍ നിര്‍ണായകമായതെന്ന് പിന്നീട് വിമർശമുയർന്നിരുന്നു.