അഭിറാം മനോഹർ|
Last Modified വ്യാഴം, 2 മാര്‍ച്ച് 2023 (19:35 IST)
മഹേന്ദ്രസിംഗ് ധോനി ഉൾപ്പടെയുള്ള താരങ്ങളാണ് പക്വതയുള്ള നായകനായി മാറാൻ തന്നെ സഹായിച്ചിട്ടുള്ളതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകനായ ഫാഫ് ഡുപ്ലെസിസ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ബുദ്ധിയുള്ള മനുഷ്യനാണ് ധോനിയെന്നും ഡുപ്ലെസിസ് പറയുന്നു. ധോനിയുടെ നായകത്വത്തിന് കീഴിൽ 2011-15 2018-2021 കാലഘട്ടത്തിൽ ചെന്നൈ ടീമിൻ്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഡുപ്ലെസിസ്. കഴിഞ്ഞ സീസണിലാണ് താരം ബെംഗളുരുവിലേക്ക് മാറിയത്.
ഞാൻ ഒരു നായകനായി മാറിയപ്പോൾ തന്നെ ആദ്യം മനസിൽ വന്ന ചിന്ത ഞാൻ ഒരിക്കലും സ്മിത്തിനെയോ ഫ്ളെമിങ്ങിനെയോ ധോനിയേയോ പോലെയാകില്ലെന്നായിരുന്നു. ഒരു വ്യക്തിയെന്ന നിലയിൽ നമ്മൾ എന്താണ് എന്നതിൽ സത്യസന്ധരായിരിക്കണം. മറ്റുള്ളവരെ നിങ്ങൾ അനുകരിക്കാൻ പോയാൽ അത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. ഞാൻ ദക്ഷിണാഫ്രിക്കൻ ടീമിലെത്തിയപ്പോൾ സ്മിത്തായിരുന്നു ടീമിൻ്റെ നായകൻ.
അതിശയകരമായ സാന്നിധ്യമായിരുന്നു സ്മിത്തിൻ്റേത്. കരിയറിൻ്റെ തുടക്കത്തിൽ ചെന്നൈയിലേക്ക് പോയത് എന്നെ ഒരുപാട് സഹായിച്ചു. ധോനിയും ഫ്ളെമിങ്ങും അടങ്ങുന്ന കോമ്പിനേഷൻ മികച്ചതാണ്.ഇതിൽ ധോനിയുടെ കാര്യം എടുത്തുപറയണം. ക്രിക്കറ്റ് ലോകം കണ്ടതിൽ ഏറ്റവും ബുദ്ധിമാനായ താരങ്ങളിൽ ഒരാളാണ് ധോനി. അയാളുടെ കൂടെ കളിക്കാനായത് കരിയറിൽ വഴിത്തിരിവായി. ഡുപ്ലെസിസ് പറഞ്ഞു.