രേണുക വേണു|
Last Modified ഞായര്‍, 16 മാര്‍ച്ച് 2025 (06:32 IST)
Womens Premier League 2025 Final: വുമണ്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് കിരീടമുയര്‍ത്തി. വാശിയേറിയ പോരാട്ടത്തില്‍ എട്ട് റണ്‍സിനാണ് മുംബൈയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് വുമണ്‍ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
താരതമ്യേന ചെറിയ സ്‌കോറായ 150 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാമെന്ന് ഡല്‍ഹി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തുടക്കം മുതലേ മുംബൈ ബൗളര്‍മാര്‍ ഭീഷണി ഉയര്‍ത്തി. മെഗ് ലന്നിങ്ങിനെ പുറത്താക്കി നാറ്റ് സ്‌കിവര്‍ ബ്രൂന്റ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടു. പിന്നാലെ ഡല്‍ഹി താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറി.
നാറ്റ് സ്‌കിവര്‍ മൂന്നും അമേല കെര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഷബ്‌നിം ഇസ്മയില്‍, ഹെയ്‌ലി മാത്യൂസ്, സൈക ഇഷക് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. 26 പന്തില്‍ 40 റണ്‍സെടുത്ത മരിസന്നെ കപ്പ്, 21 പന്തില്‍ 30 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് എന്നിവരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍മാര്‍.
മുംബൈയ്ക്കായി 44 പന്തില്‍ 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഫൈനലിലെ താരം. ഒന്‍പത് ഫോറും രണ്ട് സിക്‌സും അടങ്ങിയതാണ് ഹര്‍മന്റെ ഇന്നിങ്‌സ്. മുംബൈയുടെ രണ്ടാം വനിതാ പ്രീമിയര്‍ ലീഗ് കിരീട നേട്ടമാണിത്.