അഭിറാം മനോഹർ|
Last Updated:
വ്യാഴം, 14 മാര്‍ച്ച് 2024 (17:26 IST)
വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റിനെ തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫൈനലിലേക്ക്. ഗുജറാത്തിനെതിരെ 7 വിക്കറ്റിന്റെ വിജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഗുജറാത്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. രണ്ട് ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടിയ മലയാളി താരം മിന്നുമണിയുടെ പ്രകടനം ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായി. 42 റണ്‍സ് നേടിയ ഭാരതി ഫുല്‍മാലിയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 13.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്. 37 പന്തില്‍ നിന്നും 71 റണ്‍സുമായി തകര്‍ത്തടിച്ച ഷെഫാലി വര്‍മയാണ് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത്. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയെ ആകും ഡല്‍ഹി ഫൈനലില്‍ നേരിടുക. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം നടക്കുക.
മത്സരത്തില്‍ ഓപ്പണര്‍മാരായ മെഗ് ലാന്നിങ്ങിനെയും ആലിസ് കാപ്‌സിയെയും ചെറിയ സ്‌കോറിന് തന്നെ ഡല്‍ഹിയ്ക്ക് നഷ്ടമായിരുന്നു. 3.5 ഓവറില്‍ 2 വിക്കറ്റിന് 31 എന്ന നിലയിലുണ്ടായിരുന്ന ഡല്‍ഹിയെ ഷെഫാലി വര്‍മ ജമീമ റോഡ്രിഗസ് സഖ്യമാണ് വിജയത്തിലേക്കെത്തിച്ചത്. 94 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഒരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. എന്നാല്‍ വിജയത്തിന്റെ തൊട്ടടുത്ത് വെച്ച് ഷഫാലി വര്‍മ പുറത്തായി. 37 പന്തുകളില്‍ 5 സിക്‌സും 7 ഫോറും സഹിതമാണ് ഷെഫാലി 71 റണ്‍സ് അടിച്ചെടുത്തത്.