അഭിറാം മനോഹർ|
Last Modified ഞായര്‍, 18 ഏപ്രില്‍ 2021 (12:37 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ലീഗിലെ അവസാനക്കാരായിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. കഴിഞ്ഞ
ഐപിഎൽ സീസണുകളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച്ചവെക്കാനായ ഹൈദരാബാദിന് ഇക്കുറി തിരിച്ചടിയായിരിക്കുന്നത് ന്യൂസിലൻഡ് സൂപ്പർതാരം കെയ്‌ൻ വില്യംസണിന്റെ പരിക്കാണ്. ഐപിഎല്ലിലെ അവസാന രണ്ട് മത്സരങ്ങളിൽ 150ന് തൊട്ടുമുകളിലുള്ള സ്കോറുകൾ പിന്തുടരവെയാണ് ടീം പരാജയപ്പെട്ടത്.
മുംബൈ ഇന്ത്യൻസുമായുള്ള തോൽവിക്ക് ശേഷം കെയ്‌ൻ വില്യംസണിന്റെ അഭാവത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീം നായകനായ ഡേവിഡ് വാർണർ. വില്യംസണിന്റെ അഭാവം ടീമിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നാണ് വാർണർ പറയുന്നത്. ടീമിൽ പ്രധാന റോളുള്ള താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ടീം ഫിസിയോയുമായി സംസാരിക്കുമെന്നും വാർണർ വ്യക്തമാക്കി.
ഓപ്പണർമാർ മികച്ച തുടക്കം നൽകുമ്പോളും ശിഥിലമാകുന്ന മധ്യനിരയാണ് കഴിഞ്ഞ 3 മത്സരങ്ങളിലും ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായത്.