അപ്രതീക്ഷിതം, ഞെട്ടിക്കുന്ന തീരുമാനവുമായി ഡേവിഡ് മലാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (17:16 IST)
ടി20 സ്‌പെഷ്യലിസ്റ്റ് ബാറ്ററും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായ ഡേവിഡ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടാന്‍ ഡേവിഡ് മലാനായിരുന്നില്ല. ഓസീസിനെതിരായ വൈറ്റ് ബോള്‍ ടൂര്‍ണമെന്റിലും ഒഴിവാക്കപ്പെട്ട സാഹചര്യത്തിലാണ് ഡേവിഡ് മലാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

ഇംഗ്ലീഷ് ദിനപത്രമായ ദി ടൈംസിനോട് സംസാരിക്കവെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ താന്‍ എല്ലാ പ്രതിസന്ധികളും മറികടന്നെങ്കിലും തന്റെ ടെസ്റ്റ് കരിയറില്‍ സ്ഥിരത പുലര്‍ത്താനുള്ള കഴിവില്ലായ്മയുള്ളതായി മലാന്‍ സമ്മതിച്ചു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ മതിയായ രീതിയില്‍ പ്രകടനം കാഴ്ചവെയ്ക്കാന്‍ എനിക്കായില്ല. മലാന്‍ പറഞ്ഞു.


37കാരനായ താരം ഇംഗ്ലണ്ടിനായി 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 3 ഫോര്‍മാറ്റുകളിലും സെഞ്ചുറി നേടിയിട്ടുള്ള മലാന്‍ ഈ നേട്ടം കൈവരിക്കുന്ന 2 ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ ഒരാളാണ്. 22 ടെസ്റ്റുകളില്‍ നിന്നും 27.53 ശരാശരിയില്‍ 1074 റണ്‍സും 30 ഏകദിനങ്ങളില്‍ നിന്നും 55.76 ശരാശരിയില്‍ 1450 റണ്‍സും 62 ടി20 മത്സരങ്ങളില്‍ നിന്നും 36.38 ശരാശരിയില്‍ 1892 റണ്‍സും താരം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :