അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 നവംബര്‍ 2021 (18:35 IST)
ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും മധ്യനിരയുടെ അസ്ഥിരത പരമ്പരയിൽ പ്രകടമായിരുന്നു. ഇതിൽ എടുത്ത് പറയേണ്ടത് റിഷഭ് പന്തിന്റെ മോശം പ്രകടനമായിരുന്നു. ഇപ്പോളിതാ പന്തിന്റെ പ്രകടനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കിവീസ് ഇതിഹാസവും നായകനുമായിരുന്ന ഡാനിയേല്‍ വെറ്റോറി. റിഷഭിന്റെ മോശം ഫോം തീര്‍ച്ചയായും ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നു അദ്ദേഹം ചൂണ്ടികാട്ടി.
17*, 12*, 4 എന്നിങ്ങനെയായിരുന്നു പരമ്പരയിൽ പന്തിന്റെ സ്കോറുകൾ. ക്രീസിലെത്തിയാൽ ബാറ്റിങിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന കാര്യത്തിൽ പന്തിന് വ്യക്തതയുണ്ടായിരുന്നില്ലെന്നും ബാറ്റിങിൽ ഒഴുക്ക് ദൃശ്യമായില്ലെന്നും വെറ്റോറി പറയുന്നു. ടി20 ക്രിക്കറ്റിന് ആവശ്യമായ താളം റിഷഭിനില്ല.സ്വന്തം റോള്‍ എന്താണെന്നു പോലും അവനു മനസ്സിലായിട്ടില്ല. പരമ്പരയിൽ ചില സമയങ്ങളിൽ റിഷഭ് അമിത ശ്രദ്ധയോടെയാണ് ബാറ്റ് വീശുന്നത്, ചിലപ്പോഴാവട്ടെ തികഞ്ഞ ആശ്രദ്ധയോടെയും കളിക്കുന്നു.
മഹാന്‍മാരായ ടി20 ബാറ്റര്‍മാരുടെ പ്രകടനം കാണുമ്പോള്‍ അവരില്‍ ഒഴുക്കോടെയാണ് കളിക്കുന്നതെന്നു മനസ്സിലാവും, നല്ല താളവും അവരിലുണ്ടാവും. പക്ഷെ റിഷഭില്‍ ഇവ രണ്ടും കാണാനാവുന്നില്ല. വെറ്റോറി പറഞ്ഞു.ശരിയായ താളം കണ്ടു പിടിക്കേണ്ട ബാധ്യത റിഷഭിന്റേതാണ്. ഇതാണ് യാഥാര്‍ഥ്യം. അവനു അതിനു കഴിയുന്നില്ലെങ്കില്‍ ഇന്ത്യ മറ്റാരെയെങ്കിലും ഈ സ്ഥാനത്തേക്കു കൊണ്ടു വന്നേക്കും. വെറ്റോറി പറഞ്ഞു.