രേണുക വേണു|
Last Modified വ്യാഴം, 25 മെയ് 2023 (10:14 IST)
എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍ ഐപിഎല്‍ പ്ലേ ഓഫിലേക്ക് അടുത്തിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാല്‍ മുംബൈ ഫൈനലിലെത്തും. ഒന്നാം ക്വാളിഫയറില്‍ ജയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരത്തെ തന്നെ ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഐപിഎല്ലിലെ എല്‍-ക്ലാസിക്കോ ആയ ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇത്തവണ ഫൈനലില്‍ കാണുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മുംബൈയും ചെന്നൈയും ഫൈനലിലെത്തിയാല്‍ തീ പാറുമെന്ന് ഉറപ്പാണ്. അതേസമയം, തങ്ങള്‍ ഫൈനലില്‍ മുംബൈയെ പ്രതീക്ഷിക്കുന്നില്ല എന്നാണ് ചെന്നൈ ബൗളിങ് കോച്ച് ഡ്വെയ്ന്‍ ബ്രാവോ പറയുന്നത്. മറ്റ് ടീമുകളെല്ലാം അപകടകാരികള്‍ ആണെങ്കിലും കൂടുതല്‍ പേടി മുംബൈ ഇന്ത്യന്‍സിനെ ആണെന്ന് ബ്രാവോ പറഞ്ഞു.
' മുംബൈ ഇന്ത്യന്‍സ് ഞങ്ങള്‍ക്കൊപ്പം ഫൈനല്‍ കളിക്കുന്നത് ആഗ്രഹിക്കുന്നില്ല. എന്റെ വ്യക്തിപരമായ ആഗ്രഹം പറഞ്ഞാല്‍ എനിക്ക് മുംബൈയെ വേണ്ട എന്നാണ്. എല്ലാ ടീമുകളും നല്ല കഴിവുള്ള ടീമുകളാണ്. പക്ഷേ മുംബൈയെ പേടിയുണ്ട്,' ബ്രാവോ ചിരിച്ചുകൊണ്ട് പറഞ്ഞു.