മൗണ്ട് മോൺഗനൂയി|
Last Modified തിങ്കള്‍, 28 ജനുവരി 2019 (14:51 IST)
ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് വിരാട് കോഹ്‌ലിക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ടീമിനുള്ളില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഏറെ പിന്നിലാണ്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഡ്രസിംഗ് റൂമിലെ രാജാവ്.
ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടീമില്‍ പല അഴിച്ചു പണികളും നടക്കുന്നുണ്ട്. അവസാന രണ്ട് ഏകദിനങ്ങളില്‍
കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതും മൂന്നാം ഏകദിനത്തില്‍ ധോണിയെ കരയ്‌ക്കിരുത്തിയതും വ്യക്തമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്.
അവസാന രണ്ട് ഏകദിനങ്ങളിലും കോഹ്‌ലി കളിക്കില്ല. ഈ സാഹചര്യത്തില്‍ ധോണിയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. നേരിയ പരുക്ക് പോലും അവഗണിച്ച് ഗ്രൌണ്ടിലിറങ്ങുന്ന സ്വഭാവക്കാരനാണ് മഹി. പരുക്ക് അവഗണിച്ച് ഇറങ്ങിയാല്‍ ഒരുപക്ഷേ നാല്, അഞ്ച് ഏകദിനങ്ങളില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചേക്കില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് ധോണിക്ക് മാനേജ്‌മെന്റ് നിര്‍ബന്ധിത വിശ്രമം നല്‍കിയത്.
കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ക്യാപ്‌റ്റന്റെ കുപ്പായമണിയുന്നത്. ഭൂരിഭാഗം കാര്യങ്ങളിലും ധോണിയെ ആശ്രയിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന താരം കൂടിയാണ് രോഹിത്. ഈയൊരു കെമസ്‌ട്രി നിലനില്‍ക്കെ അവസാന രണ്ട് ഏകദിനങ്ങളില്‍ ധോണി കളിക്കണമെന്ന് പരിശീലകന്‍ രവി ശാസ്‌ത്രിക്ക് വാശി കൂടിയുണ്ട്.
ഓസ്‌ട്രേലിയന്‍ പരമ്പര മുതല്‍ മികച്ച ഫോമില്‍ കളിക്കുന്ന ധോണി കോഹ്‌ലിയുടെ അഭാവം നികത്താന്‍ സാധിക്കുന്ന താരമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്.
അടുത്തമാസം ഓസ്‌ട്രേലിയ ഇന്ത്യയിലെത്തുകയും, 24ന് പരമ്പര ആരംഭിക്കുകയും ചെയ്യും. അഞ്ച് ഏകദിനങ്ങളടങ്ങിയ ഈ പരമ്പര ലക്ഷ്യംവച്ചാണ് കോഹ്‌ലിക്ക് മാനേജ്‌മെന്റ് വിശ്രമം നല്‍കിയത്.