ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഫസ്റ്റാകാൻ ഒരുങ്ങി പുജാര, മുന്നിലുള്ളത് ദ്രാവിഡും സച്ചിനും ഗവാസ്കറും മാത്രം!

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ജനുവരി 2024 (14:28 IST)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 20,000 റണ്‍സ് തികച്ച് വെറ്ററന്‍ താരം ചേതേശ്വര്‍ പുജാര. രഞ്ജിയില്‍ വിദര്‍ഭക്കെതിരായ മത്സരത്തില്‍ സൗരാഷ്ട്രയുമായി കളിച്ചപ്പോഴാണ് പുജാര ഈ ചരിത്രനേട്ടത്തിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് പുജാര. ഇതിഹാസതാരങ്ങളായ സുനില്‍ ഗവാസ്‌കര്‍,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ പേരിലാണ്. 25,834 റണ്‍സാണ് ഗവാസ്‌കര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുള്ളത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 25,356 റണ്‍സും രാഹുല്‍ ദ്രാവിഡ് 23,794 റണ്‍സും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായ പുജാര രഞ്ജിയില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.

259 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്നും 50 ലേറെ ശരാശരിയിലാണ് 20,000 റണ്‍സിന് മുകളില്‍ റണ്‍സ് താരം നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 61 സെഞ്ചുറികളും 77 അര്‍ധസെഞ്ചുറികളും പുജാരയുടെ പേരിലുണ്ട്. 2010ല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പുജാര 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 43.61 ബാറ്റിംഗ് ശരാശരിയില്‍ 7195 റണ്‍സ് നേടിയിട്ടുണ്ട്. 19 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :